Share this Article
ജന്മദിനാഘോഷങ്ങൾക്കിടയിൽ വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍സുഹൃത്തിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി
വെബ് ടീം
posted on 01-04-2024
1 min read
man-killed GIRL FRIEND DURING BIRTHDAY CELEBRATION

ബെംഗളൂരു: ജന്മദിനാഘോഷങ്ങൾക്കിടയിൽ വിവാഹാഭ്യര്‍ഥന നടത്തിയത് നിരസിച്ച പെണ്‍സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ബംഗാള്‍ സ്വദേശിനിയും ബെംഗളൂരുവില്‍ സ്പാ ജീവനക്കാരിയുമായ ഫരീദ ഖാത്തൂനാണു(42) ദാരുണമായി കൊല്ലപ്പെട്ടത്. നഗരത്തില്‍ കാര്‍ ഡ്രൈവറായി ജോലിചെയ്യുന്ന എന്‍.എല്‍. ഗിരീഷ് എന്ന റെഹാന്‍ അഹമദ്(32) ആണ് യുവതിയെ കൊലപ്പെടുത്തിയത്. ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

രണ്ടുകുട്ടികളുടെ മാതാവായ ഫരീദയും ഗിരീഷും ഏറെനാളായി സൗഹൃദത്തിലായിരുന്നു. ശനിയാഴ്ച ബംഗാളില്‍നിന്ന് തിരിച്ചെത്തിയ യുവതിയോട് പ്രതി വിവാഹാഭ്യര്‍ഥന നടത്തി. യുവതി ഇത് നിരസിച്ചതിന് പിന്നാലെയാണ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതി കൃത്യം നടത്തിയത്.ബെംഗളൂരു ജയനഗറിലെ ശാലിനി മൈതാനത്ത് ശനിയാഴ്ചയായിരുന്നു സംഭവം. 

ഏകദേശം 15 തവണ യുവതിക്ക് കുത്തേറ്റതായാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന കടന്നുകളഞ്ഞ പ്രതി ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ജയനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. അതേസമയം, കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കീഴടങ്ങാന്‍ എത്തുന്നതിന് മുമ്പ് ഇത് ഉപേക്ഷിച്ചതായാണ് പ്രതിയുടെ മൊഴി.

കൊല്ലപ്പെട്ട ഫരീദ കഴിഞ്ഞ നാലുവര്‍ഷമായി ബെംഗളൂരുവിലെ സ്പായില്‍ ജോലിചെയ്യുകയാണ്. യുവതിക്ക് 21 വയസ്സും 16 വയസ്സും പ്രായമുള്ള രണ്ട് പെണ്‍മക്കളുണ്ട്.

2022-ല്‍ സ്പായില്‍വെച്ചാണ് പ്രതിയും യുവതിയും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലായി. മാര്‍ച്ച് ആറാം തീയതി നാട്ടിലേക്ക് പോയ ഫരീദ കഴിഞ്ഞദിവസമാണ് മകള്‍ക്കൊപ്പം ബെംഗളൂരുവില്‍ തിരിച്ചെത്തിയത്. അതേദിവസം ഗിരീഷിന്റെ ജന്മദിനവുമായിരുന്നു.

ജയനഗറിലെ ഹോട്ടലിലാണ് ഫരീദയും മകളും താമസിച്ചിരുന്നത്. ജന്മദിനം ആഘോഷിക്കാനായി ഗിരീഷും ഇവിടെയെത്തിയിരുന്നു. തുടര്‍ന്ന് ഫരീദയെയും മകളെയും കൂട്ടി ഗിരീഷ് ഷോപ്പിങ്ങിന് പോയി. മുറിയില്‍ തിരിച്ചെത്തി ഒരുമണിക്കൂറിന് ശേഷം യുവതിയും പ്രതിയും വീണ്ടും പുറത്തുപോയി.നഗരത്തിലെ പാര്‍ക്കുകളിലാണ് ഇരുവരും ആദ്യം സന്ദര്‍ശനം നടത്തിയത്

ജയനഗറിലെ ശാലിനി മൈതാനത്ത് എത്തിയ ഇരുവരും സംസാരിച്ചിരുന്നു. ഇവിടെവെച്ച് പ്രതി യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തി. ഫരീദ ഇത് നിരസിച്ചതോടെ ഗിരീഷ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന ഇളനീര്‍ കച്ചവടക്കാരനാണ് സംഭവം ആദ്യം കണ്ടത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. 

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പുറമേ യുവതി കള്ളം പറഞ്ഞ് നാട്ടില്‍ പോയതും തന്നെ പ്രകോപിപ്പിച്ചെന്നായിരുന്നു പ്രതിയുടെ മൊഴി. സ്പായിലെ ജോലി മതിയാക്കി തന്നെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഫരീദ ഇതിന് തയ്യാറായില്ല. മാത്രമല്ല, നാട്ടില്‍ പോയതിന്റെ കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ കള്ളം പറഞ്ഞെന്നും യുവാവ് മൊഴി നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories