തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കു പാരിസ്ഥിതിക അനുമതിയായെന്നും ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വിഎന്‍ വാസവന്‍. രണ്ടും മൂന്നും ഘട്ട വികസനത്തിന്റെ ഭാഗമായി കണ്ടെയ്‌നര്‍ ടെര്‍മിനല്‍ 1,200 മീറ്റര്‍ നീളത്തിലേക്കും ബ്രേക്ക് വാട്ടറിന്റെ നീളം 900 മീറ്റര്‍ കൂടി വിപൂലീകരിക്കും.കണ്ടെയ്‌നര്‍ സംഭരണ യാര്‍ഡിന്റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 1220 മീറ്റര്‍ നീളമുള്ള മള്‍ട്ടിപര്‍പ്പസ് ബര്‍ത്തുകള്‍, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍ (ബ്രേക്ക് വാട്ടറിനോടനുബന്ധിച്ച്), ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യങ്ങളുടെ വികസനം, 77.17 ഹെക്ടര്‍ വിസ്തൃതിയിലുള്ള ഭൂമി എറ്റെടുക്കല്‍, 7.20 ക്യൂബിക് മീറ്റര്‍ അളവില്‍ ഡ്രഡ്ജിംഗ് എന്നിവയും വികസനപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടും. ഇതോടെ വിഴിഞ്ഞം പദ്ധതി പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ത്തിയാക്കി വരുമാനം ഉറപ്പ് വരുത്താന്‍ സര്‍ക്കാരിനു സാധിക്കുമെന്നും മന്ത്രി അറിയിച്ചു.വിഴിഞ്ഞം തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്‌നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതു വഴി തുറമുഖത്തിന്റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷം വരെയായി ഉയര്‍ത്താന്‍ സാധിക്കും. 2028ല്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാറുമെന്നും മന്ത്രി പറഞ്ഞു.