തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് നെയ്യാറ്റിൻകരയിലെത്തിയപ്പോഴാണ് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാർ ഗാന്ധിയെ ആർഎസ്എസ് ബിജെപി പ്രവർത്തർ തടഞ്ഞത്.തുഷാർ ഗാന്ധിയുടെ പ്രസംഗത്തിൽ പ്രകോപിതരായാണ് ആർഎസ്എസ്, ബിജെപി പ്രവർത്തകർ അദ്ദേഹത്തെ തടഞ്ഞത്.
രാജ്യത്തിൻ്റെ ആത്മാവിന് കാൻസർ ബാധിച്ചിരിക്കുന്നുവെന്നും, സംഘപരിവാർ ആണ് ഈ കാൻസർ പടർത്തുന്നത് എന്നുമായിരുന്നു തുഷാർ ഗാന്ധിയുടെ പ്രസംഗം. ബിജെപി ഭരിക്കുന്ന വാർഡാണിതെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. തുഷാർ ഗാന്ധി സഞ്ചരിച്ചിരുന്ന കാറ് തടഞ്ഞുവച്ച് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.
ആര്‍എസ്എസ് മൂര്‍ദാബാദ് എന്നും ഗാന്ധിജി സിന്ദാബാദ് എന്നും മുദ്രാവാക്യം മുഴക്കിയ അദ്ദേഹം പ്രതിഷേധക്കാരെ വകവെക്കാതെ അദ്ദേഹം കാറില്‍ കയറി പോവുകയായിരുന്നു.