Share this Article
image
മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ KSRTC ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി
The KSRTC suspended the driver on the complaint of Mayor Arya Rajendran

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. ഡ്രൈവര്‍ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കി. ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മെയറുടെ കാർ, ബസ് തടയുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.

കഴിഞ്ഞ ദിവസം രാത്രി പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. മേയറും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കം.

പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമാണ് മേയറുടെ പരാതി. ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ബസ് ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് ആവര്‍ത്തിക്കുകയാണ് മേയര്‍ ആര്യ രാജേന്ദ്രന്‍. വാഹനം നിർത്തി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ ക്ഷുഭിതനായി. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും ആര്യ രാജേന്ദ്രന്‍ ആരോപിച്ചു.

സംഭവത്തിൽ ഡ്രൈവര്‍ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ksrtc നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനാലാണ് നടപടി എന്നും വ്യക്തമാക്കി. 

അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയർക്കെതിരെയുള്ള പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. മേയറുടെ കാർ ഗതാഗത തടസം ഉണ്ടാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ, സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് ഡ്രൈവറോട് ചോദിക്കാന്‍ ഇറങ്ങിയത് എന്നാണ് മേയറുടെ വിശദീകരണം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories