കൊച്ചി:ഫോർട്ട് കൊച്ചിയിലേക്കുള്ള കൊച്ചി വാട്ടർമെട്രോയുടെ സർവീസ് ഇന്ന് ആരംഭിക്കും . ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് ഫോർട്ട് കൊച്ചി വരെയുള്ള യാത്രയ്ക്ക് 40 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത്. 20 മുതൽ 30 മിനിറ്റ് ഇടവേളകളിൽ ഹൈക്കോർട്ട് ജംഗ്ഷൻ - ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്.
പുതിയ സർവീസിനായുള്ള 14-ാമത് ബോട്ട് കൊച്ചിൻ ഷിപ്പിയാർഡ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ ബോട്ടിന്‍റെയും ടിക്കറ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയൽ റൺ പൂർത്തിയായതോടെയാണ് ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്ന് ഏപ്രിൽ 21ന് സർവീസ് ആരംഭിക്കുന്നതെന്ന് കെഎംആർഎൽ അറിയിച്ചു.
2023 ഏപ്രിൽ 25ന് ആണ് രാജ്യത്ത് ആദ്യമായി കൊച്ചിയിൽ വാട്ടർ മെട്രൊ സർവീസ് ആരംഭിച്ചത്. ഒൻപതു ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവീസ് ആരംഭിച്ച വാട്ടർ മെട്രോ 11 മാസം പിന്നിടുമ്പോൾ 13 ബോട്ടുകളുമായി അഞ്ച് റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. 11 മാസത്തിനകം 18,36,390 പേർ കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തി.