കണ്ണൂർ: തലശ്ശേരി–മാഹി ബൈപാസ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസ് വഴിയാണ് ഉദ്‌ഘാടനം നിർവഹിച്ചത്. ബൈപ്പാസ് നാടിന് സമർപ്പിച്ചതായി ഉദ്ഘാടന പ്രസംഗത്തിൽ മോദി പറഞ്ഞു. ചോനാടത്ത് ഒരുക്കിയ പ്രത്യേക വേദിയിൽ ലൈവ് സ്ട്രീമിങ് കാണാനായി നൂറുകണക്കിനു പേരാണ് എത്തിയത്. തലശ്ശേരി ചോനാടത്ത് പ്രാദേശിക ഉദ്‌ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
സ്പീക്കർ എ.എൻ.ഷംസീറും മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും ചോനാടത്തെ വേദിയിൽ നിന്ന് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ തിരുവനന്തപുരത്തുനിന്നാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. ട്രയൽ റണ്ണിന്റെ ഭാഗമായി ഇന്നലെയും ബൈപാസിൽ സൗജന്യ വാഹനയാത്ര അനുവദിച്ചിരുന്നു.
ഫാസ്ടാഗ് സംവിധാനം വഴിയാണ് ടോൾ പിരിവ് നടക്കുക. ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ നിരക്കിന്റെ ഇരട്ടി തുക നൽകണം. ഫാസ്ടാഗ് എടുക്കാനുള്ള സൗകര്യം ടോൾ പ്ലാസയിൽ ലഭ്യമാക്കുമെന്ന് കരാർ കമ്പനിയായ എവി എന്റർപ്രൈസസ് അധികൃതർ അറിയിച്ചു. ഫാസ്ടാഗ് റീചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.
ദേശീയപാത ബൈപാസിനായി 1977ൽ ആരംഭിച്ച സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണു പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപാസ്. ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്. ദേശീയപാത 66ന്റെ ഭാഗമായ തലശ്ശേരി– മാഹി ബൈപാസ് പൂർണമായും യാത്ര സജ്ജമായതോടെ മുഴപ്പിലങ്ങാട് മഠം ജംക്‌ഷൻ മുതൽ അഴിയൂർ വരെയുള്ള 18.6 കിലോമീറ്റർ ദൂരം താണ്ടാൻ ഇനി വേണ്ടത് പരമാവധി 20 മിനിറ്റാണ്. ബൈപാസ് തുറക്കുന്നതോടെ തലശ്ശേരി, മാഹി ടൗണുകളിലെ ഗതാഗതക്കുരുക്കഴിയും.1543 കോടി രൂപ ചെലവിലാണ് 18.6 കിലോമീറ്റർ തലശ്ശേരി – മാഹി ബൈപാസ് നിർമാണം പൂർത്തിയാക്കിയത്.