വണ്ടൻമേട്: മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. ഇന്നു രാവിലെ ഇടുക്കി വണ്ടൻമേട്ടിലാണ് സംഭവം. മൂന്നാർ പെരിയകനാൽ സ്വദേശി ആനന്ദ് യേശുദാസാണ് മരിച്ചത്. ജോലിസ്ഥലത്തേക്ക് എത്തിയ മറ്റു തൊഴിലാളികളാണ് ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടോ എന്നതുൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.
മൂന്നു ദിവസമായി ജോലി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റായി ജോലി ചെയ്യുകയായിരുന്നു. രാവിലെ പണിക്കെത്തിയ തൊഴിലാളികളാണ് ആനന്ദിനെ മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു. ആനന്ദിന് ഇവിടെ താമസിക്കാൻ സൗകര്യം ഉൾപ്പെടെ നൽകിയിരുന്നു. ഇയാൾ എങ്ങനെയാണ് മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ടതെന്ന് പൊലീസ് സംഘം പരിശോധിച്ചുവരികയാണ്.