സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചുകൊണ്ടിരിക്കുന്ന കോഴിക്കോട് നടന്ന കേരള ലിറ്റററി ഫെസ്റ്റിവലില്‍ എംടി വാസുദേവന്‍ നായര്‍ പറഞ്ഞത് 20 വര്‍ഷം മുമ്പ് അദ്ദേഹം തന്നെ എഴുതിയ ലേഖനത്തിലെ ഭാഗം. 'ചരിത്രപരമായ ഒരാവശ്യം' എന്ന തലക്കെട്ടില്‍ 2003 ല്‍ എഴുതിയ ലേഖനമാണ് എംടി ആവര്‍ത്തിച്ചത്.
പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിന് 13 വർഷം മുമ്പ് എംടി എഴുതിയ ലേഖനമാണിത്. തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന എം ടിയുടെ പുസ്തകത്തിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. എം എൻ കാരശ്ശേരിയാണ് പുസ്‌തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്.
നാലുവരികളാണ് തുടക്കത്തിലും അവസാനവുമായി ലേഖനത്തിന്റെ ഉള്ളടക്കത്തോട് എം ടി കൂട്ടിച്ചേർത്തത്. ‘‘ഈ സാഹിത്യോത്സവത്തിന്‍റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്ന് അറിയുന്നു. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു’ എന്നു പറഞ്ഞാണ് പ്രസംഗം ആരംഭിക്കുന്നത്.
‘ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിച്ചുകൊണ്ട് എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു’ എന്ന വരിയുമാണ് പ്രസംഗത്തിന്റെ അവസാനഭാഗത്ത് ലേഖനത്തിൽ നിന്നല്ലാതെ കൂട്ടിച്ചേർത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ എംടി നടത്തിയ പ്രസംഗം ഏറെ രാഷ്ട്രീയചർച്ചകൾക്ക് വഴിവെച്ചിരുന്നു.