കല്‍പ്പറ്റ: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ആഭരണക്കവർച്ച ഉൾപ്പടെ മോഷണ കുറ്റകൃത്യങ്ങൾ ശീലമാക്കിയ മൂവർ സംഘം വയനാട്ടിൽ പിടിയിൽ.തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ട സ്വദേശികളെയാണ് മാനന്തവാടി പൊലീസ് അറസ്റ്റുചെയ്തത്.
ചെങ്കൽപ്പേട്ട സ്വദേശികളായ ഇന്ദു, ജാൻസ്, ദേവി എന്നിവരാണ് പിടിയിലായത്. മാനന്തവാടി കണിയാരം സ്വദേശിയായ വയോധികയുടെ ഒന്നര പവൻ സ്വർണമാല കവർന്ന കേസിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വയോധികയുടെ സ്വര്‍ണമാല ഇവര്‍ കവര്‍ന്നത്.മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങുമ്പോള്‍ വയോധികയെ മൂവര്‍ സംഘം നിര്‍ബന്ധപൂര്‍വം ഓട്ടോയില്‍ കയറ്റുകയായിരുന്നു.
ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ സ്വര്‍ണമാല മോഷ്ടിക്കുകയായിരുന്നു. മാല മോഷ്ടിച്ച ശേഷം മൂവര്‍ സംഘം വഴിമധ്യേ ഇറങ്ങി. വീട്ടിലെത്തിയപ്പോഴാണ് വയോധിക മാല നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞത്. പിന്നാലെ മാനന്തവാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് മൂന്നുപേരും പിടിയിലായത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇവർ മോഷണക്കേസിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയിലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.