കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നും ജെസിബി മോഷ്ടിച്ച സംഭവത്തിൽ പ്രതിയായ എസ്ഐയെ അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് സസ്പെൻഷനിലായ മുക്കം മുൻ എസ്.ഐ നൗഷാദിനെയാണ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മറ്റു ആറു പേരെ മുക്കം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 19ന് രാത്രി തോട്ടുമുക്കം പുതിയനിടത്ത് ജെസിബി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചിരുന്നു. ഇതേ തുടർന്ന് അപകടം ഉണ്ടാക്കിയ ജെസിബിക്ക് ഇൻഷുറൻസ് ഇല്ലെന്ന് കണ്ടെത്തുകയും മുക്കം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. സുരക്ഷാ മതിലില്ലാത്ത ഈ കോമ്പൗണ്ടിൽ നിന്നാണ് തിങ്കളാഴ്ച പുലർച്ചെ ജെസിബി കടത്തിക്കൊണ്ടുപോയത്. പകരം വെക്കാനുള്ള ജെസിബിയുമായി പ്രതികൾ എത്തിയപ്പോൾ ശബ്ദം കേട്ട് പോലീസെത്തിയതോടെ പ്രതികൾ കാറിൽ കയറി രക്ഷപ്പെട്ടു. ഈ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളിലൊരാളുടെ പുന്നക്കലിലെ ബന്ധുവീട്ടിൽനിന്ന് അപകടം ഉണ്ടാക്കിയ ജെസിബിയും പോലീസ് കണ്ടെടുത്തു. അപകടമുണ്ടാക്കിയത് ഇൻഷുറൻസ് ഇല്ലാത്ത ജെസിബി ആയിരുന്നതിനാലാണ് ആ ജെസിബി കടത്തിക്കൊണ്ടുപോയി മറ്റൊന്ന് പകരംവെക്കാൻ ശ്രമം നടത്തിയതെന്ന് മുക്കം പോലീസ് പറഞ്ഞു. ഇൻഷുറൻസുള്ള മറ്റൊരു ജെസിബിയാണ് സ്റ്റേഷൻ കോമ്പൗണ്ടിൽ എത്തിച്ചതെന്നും പോലീസ് അറിയിച്ചു.അതിന് ഒത്താശ ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്നത്തെ മുക്കം എസ്ഐ ആയിരുന്ന നൗഷാദിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. തുടർന്ന് ഇന്നലെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി. പ്രമോദ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ തെളിവ് ഹാജരാക്കിയിരുന്നു. അതിന് പിന്നാലെയാണ് എസ് ഐ ആയിരുന്ന നൗഷാദിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ ജെസിബിയുടെ ഉടമയുടെ മകൻ മാർട്ടിൻ മാതാളിക്കുന്നേൽ ഉൾപ്പെടെ ആറുപേരെ സംഭവവുമായി ബന്ധപ്പെട്ട് മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.