കണ്ണൂർ ചെറുപുഴയില്‍ ആസിഡ് ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു.പ്രാപ്പൊയില്‍ പെരുന്തടത്തെ തോപ്പില്‍ രാജേഷിനാണ് മുഖത്തും ശരീരത്തിലും സാരമായി പൊള്ളലേറ്റത്.ഞായറാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. പുതിയ വീടിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തിക്കുള്ള ഒരുക്കങ്ങള്‍ നടത്തിയശേഷം സമീപത്ത് നിര്‍മിച്ച താല്‍കാലിക ഷെഡില്‍ ഇരിക്കുകയായിരുന്ന രാജേഷിന്റെ മുഖത്തേക്ക് അക്രമി ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ഒഴിച്ച ഉടന്‍ ഇയാള്‍ സ്ഥലത്തു നിന്നും കടന്നുകളഞ്ഞു. രാജേഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളും ചെറുപുഴ പൊലിസും ചേര്‍ന്ന് രാജേഷിനെ പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
മരംവെട്ട് തൊഴിലാളിയാണ് അക്രമണത്തിന് ഇരയായ രാജേഷ്.പ്രതിക്കായി ചെറുപുഴ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.