റാന്നി: പത്തനംതിട്ട റാന്നിയിൽ കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഉതിമൂട് സ്വദേശി അനിൽകുമാർ(52), മകൾ നിരഞ്ജന(17), അനിലിന്റെ സഹോദരന്‍റെ മകൻ ഗൗതം(15) എന്നിവരാണ് ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. സഹോദരന്‍റെ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും ഗൗതത്തെ കൂട്ടി നദിയിൽ തുണി നനയ്ക്കാൻ എത്തിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. ആദ്യം ഗൗതമാണ് ഒഴുക്കിൽപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അനിൽകുമാറും നിരഞ്ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു. നിരഞ്ജനയ്ക്ക് രക്ഷപ്പെടാൻ കഴിയുമായിരുന്നെങ്കിലും അച്ഛൻ ഒഴുക്കിൽപ്പെട്ടത് കണ്ട് അലറിക്കരഞ്ഞ് അനിൽകുമാറിന് അടുത്തേക്ക് നീങ്ങി, ഇതോടെ 17 കാരിയും ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
റാന്നി ഉതിമൂട് കരിങ്കുറ്റിക്കൽ പുഷ്പമംഗലത്ത് അനിൽകുമാറിന്‍റെ ഏക മകളാണ് നിരഞ്ജന.വീട്ടുകാരും കൂട്ടുകാരും അമ്മു എന്നാണ് വിളിക്കുന്നത്. ചിറ്റാർ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയായ നിരഞ്ജനയ്ക്ക് ഒഴുക്കിൽപ്പെടാതെ രക്ഷപ്പെടാനാകുമായിരുന്നുവെന്നാണ് പിടിവള്ളിയെറിഞ്ഞ് കൊടുത്ത പ്രസന്നയും ഓമനയും പറയുന്നത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ റാന്നി മുണ്ടപ്പുഴ പമ്പ് ഹൗസിനോട് ചേർന്ന ചന്തക്കടവിലാണ് നാടിനെ കണ്ണീരിലാഴ്ത്തി അപകടം നടന്നത്. പുഴയിലിറങ്ങിയ ഗൌതം ഒഴുക്കിൽപ്പെട്ടതോടെ രക്ഷപ്പെടുത്താനിറങ്ങിയ അനിൽകുമാറും സഹോദരി അനിതവിജയനും നിരഞ്ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു.
ഈ സമയം കടവിൽ തുണിയലക്കുകയായിരുന്ന പ്രദേശവാസികളായ പ്രസന്നയും ഓമനയും സാരി എറിഞ്ഞ് കൊടുത്തു, ഇതിൽ പിടിച്ച് അനിത വിജയൻ രക്ഷപ്പെട്ടു. പിന്നാലെ നിരഞ്ജനയ്ക്ക് സാരി എറിഞ്ഞുകൊടുത്തുവെങ്കിലും 17 കാരി അതിൽ പിടിച്ചില്ല. സാരിയിൽ പിടിച്ച് രക്ഷപ്പെടാമായിരുന്നെങ്കിലും അച്ഛൻ ഒഴുക്കിൽപ്പെട്ടത് കണ്ട് അലറിക്കരഞ്ഞ മകൾ അനിലിനരികിലേക്ക് നീങ്ങുകയായിരുന്നു. അച്ഛൻ പോകല്ലേ എന്ന് കരഞ്ഞാണ് മകൾ അനിലിനടുത്തേക്ക് ഒഴുകിയെത്തിയത്. പിന്നാലെ ഇരുവരും മുങ്ങിത്താഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മുണ്ടപ്പുഴ ചന്തക്കടവിൽ നീണ്ട ഒരു ഇടവേളയ്ക്കുശേഷം നടന്ന ദുരന്തത്തിൽ മൂന്ന് ജീവൻ നഷ്ടപ്പട്ടതിന്‍റെ വേദനയിലാണ് നാട്. പുഴയിലിറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും ഇനിയൊരു ജീവൻ പൊലിയാതിരിക്കാൻ കരുതലുണ്ടാകണമെന്നുമാണ് നാട്ടുകാർ പറയുന്നത്.