Share this Article
ഉണ്ടായത് ഉഗ്രസ്ഫോടനം; സ്‌ഫോടകവസ്തു ഉണ്ടായിരുന്ന വാഹനം ആകാശത്തേക്ക് ഉയർന്നുപൊങ്ങി; മാവ് കരിഞ്ഞുണങ്ങി’
വെബ് ടീം
posted on 12-02-2024
1 min read
firecracker-unit-blast-thrippunithura-updates

കൊച്ചി: തൃപ്പൂണിത്തുറയിൽ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായത് ഉഗ്ര സ്ഫോടനമെന്ന് റിപ്പോർട്ട്. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾക്ക് അപ്പുറം വരെ വലിയ മുഴക്കത്തോടെ അനുഭവപ്പെട്ടു. സ്ഫോടനവസ്തുക്കൾ കൊണ്ടുവന്ന വാഹനം പൊട്ടിത്തെറിയിൽ ആകാശത്തേക്ക് ഉയർന്നു പൊങ്ങിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വലിയ ഉയരത്തിൽ തീജ്വാലകൾ ഉയർന്നതോടെ സമീപത്തു നിന്ന മാവ് കരിഞ്ഞുണങ്ങി. തൊട്ടടുത്ത് കിടന്നിരുന്ന മറ്റൊരു കാറും കത്തിനശിച്ചു.സമീപത്തെ 25 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റർ അകലെ വരെ സ്ഫോടകാവശിഷ്ടങ്ങളെത്തി. 

രാവിലെ പത്തരയോടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പടക്കശാല ജീവനക്കാരനായ തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്. സമീപത്തെ 25 വീടുകൾക്കു കേടുപാടുകൾ പറ്റി. രണ്ടു കിലോമീറ്റർ അകലേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്നു സമീപവാസികൾ പറയുന്നു.

തെക്കുംഭാഗം ഭാഗത്തെ വെടിക്കെട്ടാണ് ഇന്നലെ നടന്നത്. വടക്കുംഭാഗം ഭാഗത്തെ വെടിക്കെട്ടിനുള്ള വസ്തുക്കൾ കൊണ്ടുവന്ന വാഹനമടക്കമാണ് കത്തി നശിച്ചത്. 

പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽനിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

ടെമ്പോ ട്രാവലർ പൂർണമായും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന കാറും കത്തി നശിച്ചിട്ടുണ്ട്. ടെമ്പോ ട്രാവലർ ജീവനക്കാരായ രണ്ടുപേർക്കാണ് ​ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആറുയൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ പടരുന്നത് നിയന്ത്രണവിധേയമാക്കിയത്.

തൃപ്പൂണ്ണിത്തുറയിലെ പൊട്ടിത്തെറിയിൽ വാഹനത്തിലെ ഷോർട് സർക്യൂട് ആവാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം. മറ്റ് അപകട സാദ്ധ്യതകൾ കാണുന്നില്ലെന്നും ഫോറൻസിക് വിദഗ്ധരുടെ പരിശോധനയിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

ജില്ലാ കളക്ടറും  എറണാകുളം സിറ്റി പോലീസ് കമ്മീഷണറും സ്‌ഫോടനത്തെക്കുറിച്ച്  അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. നഗര മധ്യത്തിൽ   അനധികൃതമായി പടക്കം സംഭരിച്ചെന്നാണ് ആരോപണം.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories