Share this Article
കുത്തകൾക്കെതിരെയുള്ള പോരാട്ടത്തിന്റെ കരുത്തുവിളിച്ചോതി COA സാംസ്കാരിക ഘോഷയാത്ര
വെബ് ടീം
posted on 02-03-2024
1 min read
COA STATE MEET

കോഴിക്കോട്: കോർപറേറ്റുകൾക്കെതിരെയുള്ള കേരളീയ സമൂഹത്തിന്റെ പ്രതിരോധത്തിന്റെ ശക്തി തെളിയിക്കുന്ന ഐക്യനിരയുമായി കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രവർത്തകരുടെ മഹാ സാംസ്‌കാരിക ഘോഷയാത്രയ്ക്ക് കോഴിക്കോട് സാക്ഷിയായി.കുത്തകകളിൽ നിന്നും KSEB ഉദ്യോഗസ്ഥരിൽ നിന്നും ഉൾപ്പെടെ ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാർ നേരിടുന്ന പ്രതിസന്ധികൾക്കെതിരെയുള്ള ഊർജസ്വലമായ പോരാട്ടത്തിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു ആറായിരത്തിലധികം പേർ അണിനിരന്ന ഘോഷയാത്ര.

സിഒഎ സംസ്ഥാന സമ്മേളനത്തിന്‍റെ മുന്നോടിയായി കോഴിക്കോട് ഫ്രീഡം സ്ക്വയറിലേക്ക് നടന്ന ഘോഷയാത്ര സാഹിത്യനഗരിയുടെ ഹൃദയം അക്ഷരാർത്ഥത്തിൽ കവര്‍ന്നു. സിഒഎ എന്ന ജനകീയ പ്രസ്ഥാനത്തിന്‍റെ കരുത്തും മാധ്യമരംഗത്തെ ജനകീയ ബദല്‍ എന്ന നിലയ്കുള്ള മികവും വിളിച്ചോതിക്കൊണ്ടാണ് ഘോഷയാത്ര  സാംസ്കാരികത്തനിമയോടെ സമാപിച്ചത്.

കേരളത്തിന്‍റെ കലാ സാംസ്കാരിക പുരോഗമന മൂല്യങ്ങളെയും മതേതര സാമൂഹ്യ കാഴ്ചപ്പാടിനെയും അതിമനോഹരമായി, വര്‍ണ്ണാഭമായി ആവിഷ്കരിക്കുന്നതായിരുന്നു ഘോഷയാത്ര. 

മലബാര്‍ കൃസ്ത്യന്‍ കോളേജ് മൈതാനത്ത് നിന്ന് ആരംഭിച്ച ഘോഷ യാത്രയില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമുള്ള സിഒഎ ഭാരവാഹികളുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ കലാരൂപങ്ങളും പ്ലോട്ടുകളും നിറഞ്ഞാടി.

മാധ്യമരംഗത്തെ കുത്തകവത്കരണത്തിനെതിരെ ജനകീയ ബദല്‍ എന്ന ആശയത്തെ സാക്ഷ്യപ്പെടുത്തുന്ന പ്ലോട്ടുകളും കരകാട്ടം, കാവടി, പഞ്ചവാദ്യം, കഥകളി, കോല്‍ക്കളി, ബാന്‍ഡ് മേളം, തെയ്യക്കോലങ്ങള്‍, വിവിധ നൃത്തസ്വരൂപങ്ങള്‍ എന്നിവയുമെല്ലാം അണിനിരന്ന സാംസ്കാരിക ഘോഷയാത്ര സാഹിത്യനഗരിയെ ആവേശത്തിലാഴ്ത്തി.

പതിനാലു ജില്ലകളില്‍ നിന്നും സാംസ്കാരിക ഘോഷയാത്രയില്‍ പങ്കെടുത്തവര്‍  ജില്ലാ അടിസ്ഥാനത്തില്‍ വ്യത്യസ്ത വേഷവിധാനങ്ങളോടെയാണ്  ചുവടുവച്ചത്. മണിക്കൂറുകളോളം കോഴിക്കോട്ടെ നഗരവീഥികളില്‍ കേരളത്തിന്‍റെ സാംസ്കാരികത്തനിമയുടെ വേഷപ്പകര്‍ച്ചകളും വേഷവൈവിധ്യങ്ങളും താളമേളപ്പെരുക്കം സൃഷ്ടിച്ചു. തകര്‍ക്കാന്‍ കഴിയാത്ത ഒത്തൊരുമയുടെയും ആത്മസമര്‍പ്പണത്തിന്‍റെയും ആകത്തുകയാണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ എന്ന് വിളംബരം ചെയ്തുകൊണ്ടാണ് പതിനാലാം സംസ്ഥാന സമ്മേളത്തിന്‍റെ കരുത്ത് പ്രതിഫലിപ്പിച്ച സാംസ്കാരിക ഘോഷയാത്ര സമാപിച്ചത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories