കോഴിക്കോട്: കേബിൾ ഓപ്പറേറ്റർമാരെ ദ്രോഹിക്കുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി എളമരം കരീം എം.പി. ഇത്തരം നയങ്ങൾ പിന്തുടരുന്നവർ തിരുത്തിയില്ലെങ്കിൽ തൊഴിലാളി പ്രസ്ഥാനം രംഗത്തിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. സി.ഒ.എ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപിച്ച പൊതുസമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു എളമരം കരീം.ചില കെ.എസ്.ഇ.ബി ഉദ്യേഗസ്ഥർ ബോധപൂർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് എളമരം കരീം പറഞ്ഞു.
മുൻപ് കെ.എസ്.ഇ.ബി തലപ്പത്ത് ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ പ്രതിലോമകരമായ നയങ്ങൾ സ്വീകരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കേബിൾ ടിവി ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കണം. എൽഡിഎഫ് സർക്കാർ കേബിൾ ഓപ്പറേറ്റർമാർക്കൊപ്പമാണ്. ഏതെങ്കിലും ബ്യൂറോക്രാറ്റുകൾ അതിനെതിരെ നീങ്ങിയാൽ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും എളമരം കരീം കൂട്ടി ചേർത്തു.
എല്ലാ മേഖലകളും കോർപ്പറേറ്റുകൾ കയ്യടക്കുന്ന കാലമാണിത്.കോർപ്പറേറ്റ് വത്കരണത്തിനെതിരായ സി.ഒ.എ യുടെ ചെറുത്തുനിൽപ്പ് ധീരമാണ് . ഒരു ബദൽ പ്രസ്ഥാനമായി വളർന്നു വരാൻ സി. ഒ എ ക്ക് കഴിഞ്ഞുവെന്നും എളമരം ചൂണ്ടിക്കാട്ടി.
മാധ്യമ രംഗത്ത് കേന്ദ്ര പിന്തുണയോടെയാണ് കുത്തകവത്ക്കരണം നടക്കുന്നത്. ജനകീയ ചെറുത്തുനിൽപ്പിലൂടെ മാത്രമേ ഇതിന് തടയിടാനാകൂ. സി.ഒ.എ മുന്നോട്ട് വെയ്ക്കുന്ന ഇത്തരം ജനകീയ ബദലിന് എല്ലാ വിധ പിന്തുണയും നൽകുമെന്നും എളമരം കരീം എം.പി കൂട്ടി ചേർത്തു.