Share this Article
image
ആറടിയോളം നീളമുള്ള മൂര്‍ഖനെ തോളിലിട്ട് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ് കടിയേറ്റു; സംഭവം ഗുരുവായൂർ ക്ഷേത്രനടയ്ക്ക് സമീപം
വെബ് ടീം
posted on 05-03-2024
1 min read
snake-bite-in-near-guruvayur-temple-north-nada

തൃശൂർ: ആറടിയോളം നീളമുള്ള മൂര്‍ഖനെ തോളിലിട്ട് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ  വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടിരുന്നു. 

ഇന്നര്‍ റോഡില്‍നിന്ന് നാരായണാലയം ഭാഗത്തേക്കു ഇഴഞ്ഞു നീങ്ങിയ പാമ്പിനെ അനില്‍കുമാര്‍ പിടികൂടി സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവരികയായിരുന്നു. പൊലീസും സുരക്ഷാ ജീവനക്കാരും ചേര്‍ന്നു പാമ്പിനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. അരമണിക്കൂറോളം പാമ്പുമായി സാഹസം കാണിക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു. ഇയാൾ ഉടനെ പാമ്പിനെ സെക്യൂരിറ്റി ക്യാബിന് നേരെ വലിച്ചെറിഞ്ഞു. ശേഷം തളര്‍ന്നുവീണ അനില്‍കുമാറിനെ ദേവസ്വം ജീവനക്കാരും ഭക്തരും ചേര്‍ന്ന് ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. പ്രാഥമിക ശുശ്രുഷയ്ക്ക് ശേഷം ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാവിലെ ആറുമണിയോടെ പാമ്പുപിടുത്തക്കാരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. ആറടിയോളം നീളമുള്ള മൂര്‍ഖനെയാണ് പിടികൂടിയത്. പാമ്പിനെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories