മലപ്പുറം: സംസ്ഥാനപാതയിൽ വടപുറത്തുലയിൽ നടത്തിയ വാഹനപരിശോധനയിൽ കാളികാവ് എക്സൈസ് റേഞ്ച് സംഘം 26.14 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. യുവതിയുൾപ്പെടെ 3 പേർ അറസ്റ്റിലായി. താമരശ്ശേരി വെളിമണ്ണ പാലാട്ടിൽ ഷിഹാബുദ്ദീൻ (34), നിലമ്പൂർ ചന്തക്കുന്ന് പഴയകത്ത് മുഹമ്മദ് ഇജാസ് (33), തിരുവമ്പാടി മാട്ടമ്മൽ ഷാക്കിറ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ബുധനാഴ്ച രാത്രിയാണു സംഭവം.
കാറിലും പ്രതികളുടെ ശരീരത്തിലും ഒളിപ്പിച്ച നിലയിലാണ് മെത്താഫിറ്റമിൻ കണ്ടെത്തിയത്. വിപണിയിൽ 13.5 ലക്ഷം രൂപയോളം വിലവരുന്ന ലഹരിമരുന്നാണു പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ എൻ.നൗഫൽ, എസ്‌സിഇഒ കെ.എസ്.അരുൺകുമാർ, സിഇഒമാരായ മുഹമ്മദ് ഹബീബ്, മുഹമ്മദ് അഫ്സൽ, വി.ലിജിൻ, എൻ.മുഹമ്മദ് ഷെരീഫ്, കെ.വി.വിപിൻ, പി.രജനി എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.