Share this Article
യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കഴുത്തറുത്തു കൊന്ന സംഭവം: 2 മുൻ സൈനികരായ പ്രതികൾ 19 വർഷത്തിനുശേഷം പിടിയിൽ
വെബ് ടീം
posted on 04-01-2025
1 min read
TRIPLE MURDER

കൊല്ലം: അഞ്ചലിൽ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ 19 വർഷത്തിനുശേഷം പ്രതികൾ പിടിയിൽ. അഞ്ചൽ അലയമൺ സ്വദേശി ദിവിൽകുമാർ (42), കണ്ണൂർ ശ്രീകണ്‌ഠേശ്വരം കൈതപുരം പുതുശേരി വീട്ടിൽ രാജേഷ് (47) എന്നിവരാണ് പിടിയിലായത്. സൈനികരായിരുന്ന രണ്ടുപേരും കൃത്യത്തിനു ശേഷം ഒളിവിലായിരുന്നു. പോണ്ടിച്ചേരിയില്‍ നിന്ന് സി.ബി.ഐ ചെന്നൈ യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കൊച്ചി സി.ജെ.എം കോടതിയില്‍ ഹാജരാക്കി.പത്താൻകോട്ട് യൂണിറ്റിലാണ് ഇരുവരും സൈനികരായി സേവനം അനുഷ്ഠിച്ചിരുന്നത്. 

2006 ഫെബ്രുവരിയിലായിരുന്നു അഞ്ചൽ അലയമൺ രജനി വിലാസത്തിൽ രഞ്ജിനിയും ഇരട്ടക്കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. കഴുത്തറുത്താണ് കൃത്യം നടത്തിയത് പോണ്ടിച്ചേരിയിൽ മറ്റൊരു വിലാസത്തിൽ താമസിച്ച് വരവെയാണു പ്രതികളെ സിബിഐ ചെന്നൈ യൂണിറ്റ് അറസ്റ്റ് ചെയ്തത്. രണ്ടുപേരും അവിടെ സ്കൂൾ അധ്യാപകരെ വിവാഹം കഴിച്ചിരുന്നു.

രഞ്‌ജിനിയും അയൽവാസിയായ ദിവിൽ കുമാറുമായി അടുപ്പത്തിലായിരുന്നു. അവിവാഹിതയായ രഞ്‌ജിനി ഗർഭിണിയായതിനെ തുടർന്ന് വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു. കമ്മിഷൻ ദിവിൽ കമാറിനോട് ഡിഎൻഎ ടെസ്‌റ്റിന് ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. 

യുവതിയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ പ്രതികള്‍ വിദേശത്തേക്ക് കടന്നു എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories