തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ' ദുരൂഹ സമാധി' കല്ലറ പൊളിക്കുമെന്ന് സബ് കളക്ടർ ഒ വി ആൽഫ്രഡ്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കല്ലറ എന്ന് പൊളിക്കണം എന്നുള്ള തീരുമാനം നാളെ എടുക്കുമെന്നും സബ് കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാം നിയമപരമായിട്ടാണ് മുന്നോട്ടുപോകുന്നത്. ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. കൂടുതൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇന്ന് കല്ലറ പൊളിക്കാതിരുന്നത്.
ഇനിയൊരു ചർച്ചയുടെ ആവശ്യമില്ലെന്നും കല്ലറ എന്ന് പൊളിക്കണമെന്ന് നാളെ തീരുമാനിക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു. സംഭവം മതപരമായ വിഷയമുണ്ടാക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കുന്നില്ല. ഇതിൽ ഉണ്ടായിട്ടുള്ള അസ്വാഭാവികത പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേസ് കോടതിയില്‍ നേരിടുമെന്ന് ഗോപന്‍സ്വാമിയുടെ കുടുംബം പറഞ്ഞു. ഗോപന്‍ സ്വാമിയുടെ സമാധിസ്ഥലം എന്ന പേരില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് അറ തുറക്കാനും പരിശോധന നടത്താനും കലക്ടര്‍ പൊലീസിന് അനുമതി നല്‍കിയിരുന്നു.
കല്ലറ തുറക്കാനായി പൊലീസ് എത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഗോപന്‍ സ്വാമിയുടെ ഭാര്യയും മക്കളും മരുമകളും സമാധിസ്ഥലത്ത് കിടന്ന് പ്രതിഷേധിച്ചു. ഓം നമശിവായ എന്ന പ്രാര്‍ത്ഥനയോടെയാണ് ഗോപന്‍ സ്വാമിയുടെ കല്ലറയ്ക്ക് മുന്നില്‍ സ്വാമിയുടെ വൃദ്ധയായ ഭാര്യ പ്രതിഷേധിച്ചത്. പിതാവ് സമാധിയിരിക്കുന്ന സ്ഥലമാണ്. വിശുദ്ധമായ സ്ഥലമാണിത്. സമാധിയെക്കുറിച്ച് പഠിച്ചിട്ടു വേണം സംസാരിക്കാന്‍. പൊലീസിന്റെ നടപടി ഏകപക്ഷീയമാണ്. തങ്ങളുടെ മരണത്തിനു ശേഷമേ കല്ലറ പൊളിക്കാന്‍ കഴിയൂവെന്നും മകന്‍ പറഞ്ഞു.
കല്ലറ പൊളിക്കുന്നതിനെതിരെ കുടുംബത്തെ അനുകൂലിക്കുന്ന ഏതാനും ഹൈന്ദവ സംഘടനകളും രംഗത്തു വന്നിരുന്നു. വീട്ടുകാരുടെ വിശ്വാസത്തിന്റെ പ്രശ്നമാണെന്നും, ഹൈന്ദവ വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അവര്‍ ആരോപിച്ചു. കല്ലറ പൊളിക്കുന്നത് ശരിയല്ലെന്നും, പൊലീസിന്റെ നീക്കത്തിനെതിരെ കോടതിയെ അടക്കം സമീപിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇവരുടെ സ്ഥലം വഴിക്ക് വിട്ടുകൊടുക്കണമെന്നത് നേരത്തെ വീട്ടുകാര്‍ വിസമ്മതിച്ചിരുന്നു. ഇതാണ് നാട്ടുകാരുടെ പരാതിക്ക് പിന്നിലെന്നും കുടുംബത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. പൊലീസിന്റെ വാദം മാത്രമല്ല, വീട്ടുകാരുടെ നിലപാട് കൂടി കേള്‍ക്കാന്‍ സബ് കലക്ടര്‍ ബാധ്യസ്ഥനാണെന്ന് ഇവര്‍ വ്യക്തമാക്കി.പൊലീസ് ബലംപ്രയോഗിച്ച് പിന്നീട് വീട്ടുകാരെ സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. പ്രതിഷേധക്കാരെയും സ്ഥലത്തു നിന്നും മാറ്റി. ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചതോടെയാണ് ഗോപന്‍ സ്വാമിയുടെ കല്ലറ തുറന്നു പരിശോധിക്കാന്‍ പൊലീസ് എത്തിയത്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ കല്ലറ പൊളിച്ച് പരിശോധിക്കാനാണ് കലക്ടര്‍ അനുമതി നല്‍കിയത്.
ഗോപന്‍ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ പറയുന്നത്. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് കല്ലറയില്‍ അടച്ചുവെന്നാണ് ഗോപന്‍ സ്വാമിയുടെ മകനും വീട്ടുകാരും പറയുന്നത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നാണ് ബന്ധുവിന്റെ മൊഴി. കിടപ്പിലായിരുന്ന ഗോപന്‍ സ്വാമിയെ വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നതായും ബന്ധു പൊലീസിനോട് പറഞ്ഞു.
വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഗോപന്‍സ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.