കാസർകോട്: ജില്ലയിൽ സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു. സർകോഡ് കയ്യൂർ വലിയ പൊയിലിൽ കുഞ്ഞിക്കണ്ണൻ(92) ആണ് മരിച്ചത്. ഇന്നുച്ചക്ക് രണ്ടരയോടെ വീടിനടുത്ത് വെച്ചാണ് ഇദ്ദേഹത്തിന് സൂര്യാഘാതമേറ്റത്.
സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. ചൂടിനെ പ്രതിരോധിക്കാൻ ദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ബിയർ, മദ്യം, കൃതൃമശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. വെയിലത്ത് കുടയുപയോഗിക്കുക എന്നിവയാണ് പ്രതിവിധികൾ.