കോഴിക്കോട് വെള്ളിമാടുകുന്നിൽ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് ഒരു വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. വെള്ളിമാടുകുന്ന് ഐസിടി കോളേജിലെ വിദ്യാർത്ഥികളായ റിഫാസ്, ഷാഹിൻ, നിഹാൽ, യാസിർ എന്നീ വിദ്യാർത്ഥികളെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഉച്ചകഴിഞ്ഞ് കോഴിക്കോട് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.
ഇക്കഴിഞ്ഞ 13ന് രാത്രി 10.45 ഓടെ വാപ്പോളി താഴത്തെ ചായക്കടയ്ക്ക് മുമ്പിലാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഈ സമയം ചായ കുടിക്കാനായി എത്തിയ ജെഡിടി കോളേജ് വിദ്യാർത്ഥി പന്തീരാങ്കാവ് അറപ്പുഴയിലെ അഹമ്മദ് മുജ്തബയെ ഐസിടി കോളേജിലെ 13 ഓളം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിൽ കണ്ണിനും മൂക്കിനും ഗുരുതരമായി പരിക്കേറ്റ അഹമ്മദ് മുജ്തബ ആശുപത്രിയിൽ ചികിത്സ തേടി. ഈ സംഭവത്തിലാണ് ഐസിടി കോളേജിലെ വിദ്യാർത്ഥികളായ റിഫാസ്, ഷാഹിൻ, നിഹാൽ, യാസിർ എന്നീ വിദ്യാർത്ഥികളെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ടാലറിയാവുന്ന മറ്റു ഒൻപത് വിദ്യാർത്ഥികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. വാഹനത്തിൻ്റെ താക്കോൽ ഉപയോഗിച്ചാണ് അക്രമികൾ അഹ്മദ് മുജ്തബയുടെ കണ്ണിനും, മൂക്കിനും പരിക്കേൽപ്പിച്ചതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. ചേവായൂർ എസ്.ഐ നിമിൻ കെ ദിവാകരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് മറ്റു പ്രതികൾക്കായും അന്വേഷണം തുടങ്ങിയിട്ടുണ്ട്.