തൃശൂർ കൊരട്ടിയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. കൊരട്ടിക്ക് സമീപം ചിറങ്ങരയിൽ പുലി സാന്നിധ്യത്തെ തുടർന്ന് 5 ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ നിന്ന് അല്പം മാറി ദേവമാത ആശുപത്രിക്ക് സമീപം, പാടത്ത് കഴിഞ്ഞദിവസം രാത്രി പുലിയെ കണ്ടത്. മീൻ പിടിക്കാൻ എത്തിയ പ്രദേശവാസിയാണ് പുലിയെ കണ്ടത്. സംഭവത്തെ തുടർന്ന് ആർ ആർ ടി സംഘം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസമാണ് കൊരട്ടി ചിറങ്ങരയിൽ വീട്ടിൽ പുലി എത്തി വളർത്തുന്നയെ പിടികൂടിയത്. ഇതിന് പിന്നാലെ വനം വകുപ്പ് സംഘം സ്ഥലത്തെത്തി പുലിയുടെ കാൽപ്പാടുകളും വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് നായയെ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് വീണ്ടും പുലിയെ കണ്ടതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.