കൊച്ചി: വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ഓട്ടോയില്‍ കടത്തിയ രണ്ടര കോടി രൂപ പിടികൂടി. സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയായ രാജഗോപാല്‍, ബിഹാര്‍ സ്വദേശിയായ സമി അഹമ്മദ് എന്നിവരാണ് പിടിയിലായത്. മൂന്ന് ബാഗുകളിലായാണ് പണം കണ്ടെത്തിയത്.പിടിയിലായ രാജഗോപാല്‍ 20 വര്‍ഷമായി വൈറ്റിലയില്‍ താമസിക്കുന്ന ആളാണ്, ബിഹാര്‍ സ്വദേശിയായ സമി അഹമ്മദ് തുണിക്കടയില്‍ ജോലി ചെയ്ത് വരികയായിരുന്നുവെന്നാണ് വിവരം.
കണ്ടെടുത്ത പണം കുഴല്‍പ്പണമാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. മറ്റൊരാള്‍ക്ക് കൈമാറാനായി ഒരു വ്യവസായി പണം ഏല്‍പ്പിച്ചതാണെന്നാണ് പിടിയിലായവര്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
പണം കൈമാറുന്നതിനായി കാത്ത് നില്‍ക്കുന്നതിനിടെയാണ് ഇവര്‍ ഹാര്‍ബര്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. കണക്കില്‍പ്പെടാത്ത രണ്ടര കോടിയോളം രൂപയാണ് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പണം എത്രയെന്നതിന്റെ കണക്ക് പൂര്‍ണമായും എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്‍കം ടാക്‌സ് വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്.