കോഴിക്കോട് കക്കയത്ത് വിനോദസഞ്ചാരത്തിനെത്തിയ അമ്മയ്ക്കും മകള്‍ക്കും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. എറണാകുളം സ്വദേശി ഇടപ്പള്ളി തോപ്പിൽവീട്ടിൽ നീതു എലിയാസ്, മകൾ ആൻമരിയ (4) എന്നിവർക്കാണ് പരിക്കേറ്റത്.ശനിയാഴ്ച വൈകീട്ട് 3.40 ഓടെയായിരുന്നു സംഭവം. കക്കയം ഡാമിന് തൊട്ടടുത്തുള്ള പാര്‍ക്കില്‍ ഇരിക്കുകയായിരുന്നു ഇവര്‍. ആ സമയത്ത് പെട്ടെന്ന് കുതിച്ചെത്തിയ കാട്ടുപോത്ത്, നീതുവിനെ കുത്തുകയായിരുന്നു. പരിക്കേറ്റ നീതുവിനെയും ആന്‍മരിയയെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നീതുവിന്റെ വയറിന്റെ ഭാഗത്തായിട്ടാണ് പരിക്ക്. പോത്തിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഓടുന്നതിനിടെ താഴെ വീണതിനെ തുടര്‍ന്നാണ് ആന്‍ മരിയയ്ക്ക് പരിക്കേറ്റത്. കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ഇവര്‍.