ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛനെതിരെ കേസ്. കേസിൽ വിചാരണക്കോടതി വെറുതെവിട്ട പ്രതി അർജുന്റെ ബന്ധുവായ പാൽരാജിന്റെ പരാതിയിലാണ് കേസെടുത്തത്. തന്നെ കയ്യേറ്റം ചെയ്തെന്നാണ് പാൽരാജിൻ്റെ പരാതി. പീരുമേട് കോടതിയുടെ അനുമതിയോടെ വണ്ടിപ്പെരിയാർ പൊലീസാണ് കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തത്.
നേരത്തെ, കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ അച്ഛന് നേരെ പാൽരാജിന്റെ ആക്രമണമുണ്ടായിരുന്നു. കേസിൽ പാൽരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വണ്ടിപ്പെരിയാർ ടൗണിൽവെച്ച് ജനുവരി ആറിനാണ് കുട്ടിയുടെ അച്ഛന് കുത്തേറ്റത്. കുട്ടിയുടെ മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം പാൽരാജ് ഓടിരക്ഷപ്പെടുകയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ പോകുകയായിരുന്നു. ഈ സമയം അർജുൻ്റെ ബന്ധു പാൽരാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക്കു തർക്കമാവുകയും ഇത് കയ്യാങ്കളിയിലേക്ക് നീളുകയും പാൽരാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു.