തിരുവനന്തപുരത്ത് നാടോടി ദമ്പതിമാരുടെ മകൾ രണ്ടുവയസുകാരിയെ കാണാതായ കേസില്‍ നിര്‍ണായകമായി ബ്രഹ്മോസിന് സമീപത്തുനിന്ന് ലഭിച്ച ദൃശ്യം. രാത്രി 12ന് ശേഷം ബൈക്കില്‍ പോകുന്ന രണ്ടുപേര്‍ക്കൊപ്പം കുട്ടിയുള്ളതായി സംശയം. കുട്ടിയെ കാണാതായതിന് സമീപത്തുനിന്നാണ് ദൃശ്യങ്ങള്‍ കിട്ടിയത്. അതേസമയം കുട്ടിയെ കണ്ടെന്ന് സംശയം പ്രകടിപ്പിച്ച് യുവാവുമെത്തി. പുലര്‍ച്ചെ ഈഞ്ചക്കൽ ഭാഗത്ത് കണ്ടെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. മഞ്ഞ സ്കൂട്ടറില്‍ പ്രായമുള്ള ആളിനൊപ്പം കുട്ടിയെ കണ്ടെന്നാണ് മൊഴി. ഈഞ്ചക്കല്‍ ഐഒസി പമ്പില്‍ നിന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയാണ്.
ചാക്കയിൽ റോഡരികിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന രണ്ടു വയസുകാരിയെയാണ് തട്ടികൊണ്ടുപോയത്. ബിഹാറുകാരായ അമർദിപ്- റബീന ദേവി ദമ്പതികളുടെ മകൾ മേരിയാണ് കാണാതായത്.
മഞ്ഞ നിറഞ്ഞിലുള്ള സ്കൂട്ടറിലെത്തിയ ഒരാളെ സംശയാസ്പദമായി കണ്ടെന്ന് കാണാതായ കുട്ടിയുടെ സഹോദരൻ നേരത്തെ പറഞ്ഞിരുന്നു. കാണാതാകുന്ന സമയത്ത് വെള്ള പുള്ളി കുത്തുള്ള കറുത്ത ടീ ഷർട്ടാണ് ധരിച്ചിരുന്നതെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു. കുഞ്ഞിൻ്റെ സഹോദരനും മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയ പൊലീസ് കുട്ടിയെ തട്ടികൊണ്ടുപോയത് സ്കൂട്ടറിൽ ആണെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തി. എന്നാൽ അക്കാര്യം സ്ഥിരീകരിക്കാനുള്ള ഒരു തെളിവും സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ ലഭിച്ചില്ല. 5 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസിന്‍റെ അന്വേഷണം. കുഞ്ഞിനെ സംബന്ധിച്ച് എന്ത് വിവരം ലഭിച്ചാലും അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.