പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുഖ്യപ്രതി സിന്‍ജോ ജോൺസൺ ഉള്‍പ്പെടെ 18 പ്രതികളും പിടിയില്‍. സിന്‍ജോ പിടിയിലായത് കല്‍പറ്റയില്‍ നിന്ന്. കീഴടങ്ങാന്‍ എത്തിയതെന്ന് സൂചന. ക്യാമ്പസില്‍ സിദ്ധാര്‍ഥനെതിരായ എല്ലാ അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയത് സിന്‍ജോ ജോണ്‍സണ്‍ ആണെന്ന് സിദ്ധാര്‍ഥന്റെ പിതാവ് ടി ജയപ്രകാശ് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം കീഴടങ്ങിയ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍ (23), എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ (23), കോളജ് യൂണിയന്‍ അംഗം എന്‍ ആസിഫ്ഖാന്‍(25), മലപ്പുറം സ്വദേശിയായ അമീന്‍ അക്ബര്‍ അലി (25) എന്നിവരെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തു.
ആദ്യം പിടിയിലായ 6 പേരും റിമാന്‍ഡിലാണ്. സിദ്ധാര്‍ഥനെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 31 പേര്‍ ഉള്‍പ്പെട്ടതായി ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
അതേസമയം, സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തു. വി.സി ഡോ.എം.ആര്‍.ശശീന്ദ്രനാഥ് ഉത്തരവാദിത്തം കാട്ടിയില്ലെന്നും ആത്മാര്‍ഥതയോടെയും ഗൗരവത്തോടെയും ഇടപെട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാലയുടെ ഭാഗത്ത് വന്‍ വീഴ്ചയെന്ന് പറഞ്ഞ ഗവര്‍ണര്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് നല്‍കി. സിദ്ധാര്‍ഥിന്‍റേത് കൊലപാതകമെന്നും ക്യാംപസില്‍ എസ്.എഫ്.ഐ–പി.എഫ്.ഐ കൂട്ടുകെട്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.