കൊച്ചി: ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയെ തുടർന്ന് റിമാൻഡിൽ കഴിഞ്ഞിരുന്ന ബോബി ചെമ്മണ്ണൂരിന്ജയിലിൽ വഴിവിട്ട സഹായം ചെയ്തതിൽ ജയിൽ ഡിഐജി പി. അജയകുമാർ, ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരുൾപ്പെടെ എട്ടുപേർക്കെതിരെ കേസ്. ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്.ജനുവരി 10 ന് ഉച്ചക്ക് 12.40 നാണ് കാക്കനാട്ടെ ജില്ലാ ജയിലിൽ ഡിഐജിയുൾപ്പെടെ ആറ് പേർ ബോബി ചെമ്മണ്ണൂരിനെ സന്ദർശിക്കാൻ എത്തിയത്. ഡിഐജിയുടെ കൂടെ വന്നവരിൽ മൂന്നുപേർ ബോബി ചെമ്മണ്ണൂരിൻ്റെ സഹായികളാണെന്നും വ്യക്തമായിട്ടുണ്ട്. അജയകുമാർ എത്തിയത് ബോബി ചെമ്മണ്ണൂരിന് വേണ്ട സഹായം ജയിലിൽ ഒരുക്കി കൊടുക്കാനാണെന്നും ആക്ഷേപമുയർന്നിരുന്നു.
ഇത്തരത്തിലൊരു കൂടിക്കാഴ്ച ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ജയിലിൽ നിന്ന് ഫോൺ വിളിക്കാൻ ബോബി ചെമ്മണ്ണൂരിൻ്റെ പേരിൽ ജയിലിൽ 200 രൂപ നൽകിയ നൽകിയെന്നും കണ്ടെത്തി.സംഭവം പുറത്തായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡി.ജി.പിയുടെ നിർദേശ പ്രകാരം തിരുവനന്തപുരം ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജി വിനോദ് കുമാർ കാക്കനാട് ജില്ലാ ജയിലെത്തി ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ബോബി ചെമ്മണ്ണൂരിന് നിയമവിരുദ്ധം ആയി ഒന്നും ചെയ്തു കൊടുക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ഉന്നതതല അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരോട് ഡിഐജി വിശദീകരിച്ചത്.ജയിലിൽ എത്തിയത് മറ്റൊരു കേസ് അന്വേഷണത്തിനാണ്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ അകത്തു പ്രവേശിപ്പിക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവരുടെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്താത്തത് എന്താണെന്ന് അറിയില്ലെന്നും ഡിഐജി വ്യക്തമാക്കി. അന്വേഷണത്തിൽ ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇൻഫോപാർക്ക് പൊലീസ് കേസ് എടുത്തത്.