Share this Article
Union Budget
മൊബൈല്‍ വെളിച്ചത്തില്‍ 11കാരന്റെ തലയില്‍ തുന്നലിട്ടു; നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു
വെബ് ടീം
3 hours 17 Minutes Ago
1 min read
nursing asistant suspended

കോട്ടയം:  മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. വൈക്കം താലൂക്ക് ആശുപത്രിയില്‍ ആണ് സംഭവം. ബ്രഹ്മമംഗലം വാലേച്ചിറ വിസി ജയനെ(51)യാണ് സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.ജയന്റെയും കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴി അന്വേഷണത്തിന്റെ ഭാഗമായി എടുത്തിരുന്നു. കുട്ടിയുടെ അമ്മയോട് ഡീസല്‍ ചെലവ് കാരണമാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പാക്കത്തതെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ ജയന്‍ തെറ്റിദ്ധരിപ്പിക്കുകയും സ്ഥാപനത്തെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്‌തെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.കഴിഞ്ഞ ഒന്നാം തീയതി വൈകീട്ടായിരുന്നു സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്‍ സുജിത്ത്- സുരഭി ദമ്പതികളുടെ മകന്‍ എസ് ദേവതീര്‍ഥിനാണ് വീടിനുള്ളില്‍ തെന്നിവീണ് തലയുടെ വലതുവശത്ത് പരിക്കേറ്റത്. വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ദേവതീര്‍ഥിനെ അത്യാഹിത വിഭാഗത്തില്‍നിന്ന് മുറിവ് ഡ്രസ് ചെയ്യാനായി ഡ്രസ്സിങ് മുറിയിലേക്കയച്ചു.മുറിക്കുള്ളില്‍ വൈദ്യുതി ഇല്ലെന്ന് പറഞ്ഞ് നഴ്സിങ് അസിസ്റ്റന്റ്, ദേവതീര്‍ഥിനെ ഒപി കൗണ്ടറിന്റ മുന്നിലിരുത്തി. മുറിവില്‍നിന്ന് രക്തം ഒഴുകിയതോടെ ദേവതീര്‍ഥിനെ വീണ്ടും ഡ്രസിങ് മുറിയിലേക്ക് മാറ്റി.

'ഇരുട്ടാണല്ലൊ വൈദ്യുതി ഇല്ലേ' എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് ജനറേറ്ററിന് ഡീസല്‍ ചെലവ് കൂടുതലാണെന്നായിരുന്നു നഴ്സിങ് അസിസ്റ്റന്റ് മറുപടി. ഈ സംഭവത്തിന്റെ വീഡിയോ വൈറലായി. മൊബൈലിന്റെ വെളിച്ചത്തില്‍ മുറിവ് ഡ്രസ് ചെയ്ത് തുന്നലിടാന്‍ അത്യാഹിത വിഭാഗത്തിലേക്ക് ദേവതീര്‍ഥിനെ എത്തിച്ചു. അവിടെയും വൈദ്യുതി ഇല്ലാത്തതിനാല്‍ ജനലിന്റെ അരികില്‍ ദേവതീര്‍ഥിനെ ഇരുത്തി മൊബൈലിന്റെ വെളിച്ചത്തില്‍ ഡോക്ടര്‍ തുന്നലിടുകയായിരുന്നുവെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories