വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ വികസനത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചതിന് പിന്നാലെ ഔദ്യോഗിക കമ്മീഷനിങ്ങും വൈകാതെ ഉണ്ടാകുമെന്ന് സൂചന . 2028 ഓടെ അടുത്ത രണ്ട് ഘട്ടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. വികസനങ്ങൾക്കായി 77 ഹെക്ടർ വിസ്തൃതിയിലാകും ഭൂമി ഏറ്റെടുക്കൽ നടക്കുക.
മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് തുറമുഖ വിപുലീകരണത്തിനായി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുകൂല ഉത്തരവ് സംസ്ഥാന തുറമുഖ വകുപ്പിന് ലഭിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് തീയതി ലഭിച്ചാൽ ഉടൻ ഔദ്യോഗിക കമ്മീഷനിങ് നടക്കും. രണ്ടും മൂന്നും ഘട്ട വികസനത്തിന്‍റെ ഭാഗമായി കണ്ടെയ്നർ ടെര്‍മിനല്‍ 1200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും.
പുലിമുട്ടിന്റെ നീളം 900 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിക്കും. കണ്ടെയ്നര്‍ സംഭരണ യാര്‍ഡിന്‍റെയും, ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളുടെയും വികസനത്തിനൊപ്പം 1220 മീറ്റര്‍ നീളമുള്ള മള്‍ട്ടി പര്‍പ്പസ് ബര്‍ത്തുകളും, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകളും ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യങ്ങളുടെ ശേഷിയും ഏറും.
മൂന്നു വർഷത്തിനകം ഈ വിപുലീകരണ പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതോടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയിലൂടെ സർക്കാരിന് പ്രതീക്ഷിച്ചതിലും നേരത്തെ വരുമാനം ഉറപ്പുവരുത്താൻ ആകും എന്നാണ് വിലയിരുത്തൽ.
തുറമുഖത്തിന്‍റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി ഇത് പ്രതിവര്‍ഷം 45 ലക്ഷം വരെയായി ഉയര്‍ത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തൽ.
അടുത്ത ഘട്ടങ്ങളുടെ വികസനം പൂർത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതല്‍ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നര്‍ ടെര്‍മിനല്‍ ആയി വിഴിഞ്ഞം തുറമുഖം മാറും. രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10000 കോടി രൂപയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്.