Share this Article
image
ആശുപത്രിയിൽ പോയതിനു പിന്നാലെ വീട്ടിൽ വന്‍കവര്‍ച്ച; 70 പവന്‍ സ്വര്‍ണം മോഷണം പോയി
വെബ് ടീം
posted on 12-03-2024
1 min read
Robbery in HOME, 70 pavan gold stolen

കോട്ടയം: ആശുപത്രിയിൽ പോയതിനു പിന്നാലെ വൈക്കത്ത് വീട്ടില്‍ വന്‍കവര്‍ച്ച. വീടിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 70 പവന്‍ സ്വര്‍ണവും ഡയമണ്ടുകളും മോഷണം പോയി. വൈക്കം നഗരസഭ ഒന്‍പതാം വാര്‍ഡ് തെക്കേനാവള്ളില്‍ എന്‍. പുരുഷോത്തമന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം.

വീട്ടിലുള്ള  പുരുഷോത്തമന്‍ നായരും ഭാര്യ ഹൈമവതിയും മകള്‍ ദേവീ പാര്‍വതിയും തിങ്കളാഴ്ച രാത്രി 9.30-ന് പരിചയക്കാരനായ ഡ്രൈവര്‍ രാജേഷും അടിയന്തര ആവശ്യവുമായി ബന്ധപ്പെട്ട് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. വീട്ടുകാരെ ആശുപത്രിലാക്കിയ ശേഷം രാജേഷ്  തിരികെ വാഹനംവീട്ടില്‍ കൊണ്ടുവന്നിട്ടു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30-ഓടെ ഇവര്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പുറത്തുനിന്ന് കതകിന്റെ പൂട്ടുതുറക്കാന്‍ നോക്കിയപ്പോള്‍ സാധിക്കാതെവന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വീടിന്റെ സമീപത്തുണ്ടായിരുന്ന ഏണി ഭിത്തിയില്‍ ചാരിവെച്ച നിലയില്‍ പോലീസ് കണ്ടെത്തി. വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് നാല് മുറിയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. വിരലടയാളവിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. വൈക്കം ഡിവൈ.എസ്.പി. ഇമ്മാനുവല്‍ പോള്‍, എസ്.എച്ച്.ഒ. എസ്. ദ്വിജേഷ്, എസ്.ഐ. എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവര്‍ സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറകളും പരിശോധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories