കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്റ്റേഡിയത്തിന്റെ രൂപരേഖ കെസിഎ സർക്കാരിന് സമർപ്പിച്ചു. സ്ഥലം കണ്ടെത്തി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കെസിഎ പ്രസിഡൻറ് ജയേഷ് ജോർജ് പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ സ്റ്റേഡിയം യാഥാർത്ഥ്യമാക്കാനാണ് കെസിഎയുടെ ആലോചന.
കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം അടക്കമുള്ള പുതിയൊരു സ്പോർട്സ് സിറ്റിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ വിഭാവനം ചെയ്യുന്നത്. ഇതിനായി നെടുമ്പാശ്ശേരിയിൽ കണ്ടെത്തിയ ഭൂമിക്ക് ബിസിസിഐയുടെ അപ്പ്രൂവൽ ലഭിച്ചു കഴിഞ്ഞു. പിന്നാലെ സ്റ്റേഡിയത്തിന്റെ രൂപരേഖ കെസിഎ സംസ്ഥാന സർക്കാറിന് സമർപ്പിച്ചു.
സ്റ്റേഡിയം നിർമാണത്തിനായി 750 കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തോടെ നിർമാണം പൂർത്തിയാക്കാൻ കഴിയും. നിർമാണവുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ ഘട്ടം പൂർത്തിയായതായി കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ജയേഷ് ജോർജ് പറഞ്ഞു. മറ്റു നടപടികളെല്ലാം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ കരാർ കാലാവധി കഴിയാനിരിക്കെ 33 വർഷത്തേക്ക് കൂടി നീട്ടി നൽകണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോട് സർക്കാർ അനുകൂല സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെസിഎ ഭാരവാഹികൾ വ്യക്തമാക്കി.