മലപ്പുറം താനൂരിൽ ഇന്നലെ കാണാതായ പ്ലസ് വൺ വിദ്യാർഥിനികളുടെ അവസാന ടവർ ലൊക്കേഷൻ കോഴിക്കോടാണെന്ന് പൊലീസ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഫോണുകൾ സ്വിച്ച് ഓഫ് ആയത്. കോൾ റെക്കോഡുകളും സി.സി.ടി.വി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.രണ്ട് കുട്ടികളുടെ നമ്പറിലേക്കും കാണാതാകുന്നതിന് മുമ്പ് മറ്റൊരു നമ്പറിൽ നിന്ന് കോൾ വന്നിട്ടുണ്ട്. ഈ നമ്പറിന്‍റെ ലൊക്കേഷൻ കാണിക്കുന്നത് മഹാരാഷ്ട്രയാണെന്നും പൊലീസ് പറഞ്ഞു.
നിലവിൽ കോഴിക്കോട് കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.താനൂർ നിറമരുതൂർ മംഗലത്ത് അബ്ദുൾ നസീറിൻ്റെ മകൾ ഫാത്തിമ ഷഹദ (16), താനൂർ മഠത്തിൽ റോഡ് മലപ്പുറത്ത്‌കാരൻ പ്രകാശന്‍റെ മകൾ അശ്വതി (16) എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്. ബുധനാഴ്ചത്തെ പരീക്ഷ എഴുതാനായി സ്കൂളിലേക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ കുട്ടികൾ പരീക്ഷക്ക് എത്തിയില്ല. ഇതോടെ താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ കാരണം അന്വേഷിച്ച് വീട്ടുകാരെ വിളിച്ചപ്പോഴാണ് ഇരുവരും വീട്ടിലുമില്ലെന്ന കാര്യം അറിഞ്ഞത്.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക പരീക്ഷ സ്കൂളിൽ നടക്കുന്നുണ്ടായിരുന്നു. ഈ പരീക്ഷക്കെന്ന പേരിലാണ് ഇരുവരും വീട്ടിൽ നിന്നുമിറങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്കൂൾ പരിസരത്ത് നിന്ന് ഇവരെ കാണാതായതെന്നാണ് വിവരം.