Share this Article
സിനിമകളിലൂടെ പറയുന്ന കാര്യങ്ങളില്‍ കൃത്യമായ നിലപാട് ഉണ്ടാകണം; സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി
There should be a definite stand on what is said through films; Director and actor Srikanth Murali


സിനിമകളിലൂടെ പറയുന്ന കാര്യങ്ങളില്‍ കൃത്യമായ നിലപാട് ഉണ്ടാകണമെന്ന് സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി. പൊളിറ്റിക്കല്‍ കറക്ട്നസ്സിന്റെയും മറ്റ് നൂലാമാലകളുടെയും ഇടയിലാണ് ഇന്ന് സിനിമ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്. ഫെസ്റ്റിവെല്ലില്‍ നടന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിലെ മികച്ച സിനിമകള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

സിനിമകളിലൂടെ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ കൃത്യമായ നിലപാട് ഉണ്ടാകണം എന്നാണ് ശ്രീകാന്ത് മുരളിയുടെ അഭിപ്രായം. പലതരം ആശയ പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ് ഇപ്പോള്‍ സിനിമാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചാവറ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്ലിലെ മത്സരത്തില്‍ 16 സിനിമകളാണ് അവസാന റൗണ്ടില്‍ മാറ്റുരച്ചത്. സോനു ടി പി സവിധാനം ചെയ്ത നൈറ്റ് കോള്‍ മികച്ച ചിത്രം, മികച്ച തിരയ്ക്കഥ എന്നീ വിഭാഗങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കി.

ഐശ്വര്യ തങ്കച്ചന്‍ സംവിധാനം ചെയ്ത  കൈമിറ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ലില്ലി എന്ന ചിത്രത്തിലെ അഭിനേതാവ് കൂടിയായ മറിയം ജോസഫാണ് മികച്ച സംവിധായക. ഓളാട എന്ന ചിത്രം സ്പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹമായി. ജൂറി ചെയര്‍മാനായ ആന്റണി സോണിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സാംസ്‌ക്കാരിക രംഗത്ത് വേനല്‍ക്കാലത്തെ തണല്‍മരം പോലെയാണ് ചാവറ കള്‍ച്ചറല്‍ സെന്ററെന്ന് എം കെ സാനു അഭിപ്രായപ്പെട്ടു. 

ചാവറ ഫിലിം സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ എഡിറ്റിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് മികച്ച ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവും ചാവറ ഫിലിം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചെയ്ത ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, ഫിനാന്‍സ് ഓഫീസര്‍ ഫാ. മാത്യു കിരിയാന്തന്‍, ജൂറി അംഗവും ക്യാമറമാനുമായ പി ജെ ചെറിയാന്‍, ടി എം എബ്രഹാം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories