കാസറഗോഡ്,ചന്തേര മുച്ചിലോട്ട് പെരുങ്കളിയാട്ടത്തെ ഭക്തി സാന്ദ്രമാക്കി മംഗലകുഞ്ഞുങ്ങള്‍. മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റത്തോടൊപ്പമാണ് മംഗലക്കുഞ്ഞുങ്ങള്‍ ക്ഷേത്ര മുറ്റത്തെത്തിയത്. മുച്ചിലോട്ട് ഭഗവതിക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരമാണ് പന്തല്‍ മംഗലം. വാണിയ കുലത്തിലെ കന്യകമാരാണ് ഈ ചടങ്ങ് അനുഷ്ഠിക്കുന്നത്. ഋതുമതികളാകാത്ത ബാലികമാരാണ് മംഗലക്കുഞ്ഞുങ്ങള്‍.
പെരുങ്കളിയാട്ടത്തില്‍ മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റത്തോടൊപ്പമാണ് മംഗലക്കുഞ്ഞുങ്ങള്‍ ക്ഷേത്ര തിരുമുറ്റത്തെത്തുക. കുളിച്ച്, കുറി തൊട്ട്, കസവുടുത്ത്, ആഭരണങ്ങള്‍ ധരിച്ച്, മുല്ലപ്പൂവും ചൂടി അണിഞ്ഞൊരുങ്ങിയാണ് കുട്ടികള്‍ അരങ്ങിലെത്തുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വ്രതാനുഷ്ഠാനത്തിലായിരിക്കും. അച്ഛന്റെയോ അമ്മാവന്റെയോ ചുമലിലേറി കുഞ്ഞുങ്ങള്‍ ഉച്ചത്തോറ്റത്തോടൊപ്പം ക്ഷേത്രത്തെ വലം വെയ്ക്കും.
കൈയിലുള്ള വെറ്റില മുറിച്ചെടുത്ത് പിറകിലോട്ടെറിഞ്ഞുകൊണ്ടാണ് കുട്ടികള്‍ ക്ഷേത്രത്തെ വലംവെക്കുക. ഈ സമയത്ത് തോറ്റം ചുഴലും നെയ്യാട്ടവും നടക്കും. പന്തല്‍ മംഗലത്തിന് വിവാഹവുമായി നേരിട്ട് ബന്ധമില്ല. പെണ്‍കുട്ടികള്‍ ഋതുമതികള്‍ ആകുന്നതിനുമുമ്പ് ചെയ്തുവന്നിരുന്ന ഒരു ആഘോഷമായിരുന്നു അത്. കാലക്രമേണ വീടുകളില്‍ നടന്നുവന്നിരുന്ന പന്തല്‍മംഗലം ഇല്ലാതായി. എന്നാല്‍ ഇന്നും അനുഷ്ഠാനം എന്ന നിലയില്‍ പെരുങ്കളിയാട്ടത്തിന്റെ മൂന്നാംനാളില്‍ മംഗല കുഞ്ഞുങ്ങള്‍ അരങ്ങിലെത്തും.
ബ്രാഹ്‌മണ കന്യകയായ ഭഗവതിയുടെ പന്തല്‍മംഗല സമയത്ത് അച്ഛന് വാലായ്മ ഉള്ള കാര്യം അറിയുന്നു. അതോടെ ചടങ്ങ് മുടങ്ങി. മുടങ്ങിപ്പോയ മുച്ചിലോട്ട് ഭഗവതിയുടെ പന്തല്‍മംഗലം ആണ് ഓരോ പെരുങ്കളിയാട്ടത്തിലൂടെയും അനാവരണം ചെയ്യപ്പെടുന്നത്. ഒറ്റ മുണ്ടുടുത്ത് വിവിധങ്ങളായ ആഭരണങ്ങളും മുല്ലപ്പൂവുമണിഞ്ഞ് കുഞ്ഞുങ്ങള്‍ പന്തല്‍മംഗല ചടങ്ങിനായി ഒരുങ്ങിയെത്തി. പന്തല്‍മംഗലത്തിന് മുഹൂര്‍ത്തം കുറിച്ചു കഴിഞ്ഞാല്‍ പിന്നെ കന്യകമാര്‍ മുറിയില്‍ നിന്നും പുറത്തു വരാറില്ല.
മുഹൂര്‍ത്തം കുറിച്ച് മൂന്നാം നാളിലാണ് പ്രധാന ചടങ്ങ്. ബന്ധുജനങ്ങളുടെയും ക്ഷണിക്കപ്പെട്ടവരുടെയും സാന്നിധ്യത്തില്‍, കുളിച്ച് ശുദ്ധി വരുത്തിയ കന്യകയെ അച്ഛന്‍ നല്‍കിയ പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ച് ആഭരണങ്ങള്‍ അണിയിച്ച്, ദേഹത്ത് ചന്ദനവും കുങ്കുമവും തൊട്ട് പ്രസന്നവതിയായ കന്യകയെ അച്ഛന്റെ മടിയില്‍ ഇരുത്തി ചരടില്‍ കോര്‍ത്ത സ്വര്‍ണ്ണം കൊണ്ട് മിന്നു കെട്ടിക്കുന്നതോടെ ചടങ്ങ് പൂര്‍ത്തിയാകും. ദേവിയുടെ പന്തല്‍ മംഗലത്തെ അനുസ്മരിച്ച് നടക്കുന്ന ചടങ്ങ് കഴിയുന്നതോടെ കുഞ്ഞുങ്ങള്‍ മുച്ചിലോട്ടമ്മയുടെ ചങ്ങാതിമാരായി മാറുമെന്നാണ് വിശ്വാസം.