Share this Article
അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയ്ക്ക് കൊച്ചിയില്‍ തുടക്കം
The 5th International Women's Film Festival begins in Kochi

അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേളയ്ക്ക് കൊച്ചിയിൽ തുടക്കം. സവിത തിയേറ്ററില്‍ നടന്ന ചടങ്ങിൽ   പ്രശസ്ത നടി ഉർവശി മേള ഉദ്ഘാടനം ചെയ്തു. പോളിഷ് സംവിധായികയായ ആഗ്നെയസ്ക ഹോളണ്ടിൻ്റെ 'ദ ഗ്രീന്‍ ബോര്‍ഡര്‍' ആയിരുന്നു ഉദ്ഘാടനചിത്രം.

 കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായി 2024 ഫെബ്രുവരി 10 മുതല്‍ 13 വരെ എറണാകുളം സവിത, സംഗീത തിയേറ്ററുകളിലായാണ് ചലച്ചിത്ര മേള നടക്കുന്നത്.   സംവിധാന രംഗത്ത് മാത്രമല്ല, സാങ്കേതിക രംഗത്തും സ്ത്രീകൾ കൂടുതലായി കടന്നു വരണമെന്ന് നടി ഉർവ്വശി പറഞ്ഞു. പുരുഷന്മാരെ ബഹുമാനിക്കണം എന്ന് പെൺ കുട്ടികളോട് പറയുമ്പോൾ ബഹുമാനത്തിന് അർഹതയുള്ള പുരുഷന്മാരെ ബഹുമാനിക്കുക എന്ന് കൂടി കുട്ടികൾക്ക് പറഞ്ഞു കൊടുക്കണമെന്ന് ഉർവ്വശി കുട്ടിച്ചേർത്തു.

മികച്ച സിനിമകൾ കാണിച്ചു കൊണ്ട് സാംസ്ക്കാരിക നവീകരണം നടത്തുക എന്നതാണ് മേളയുടെ ഉദ്ദേശമെന്ന് സമം പ്രോഗ്രാം കമ്മറ്റി ചെയർപേഴ്സൺ സുജ സൂസൻ ജോർജ്ജ് പറഞ്ഞു. കൊച്ചി മേയര്‍ അഡ്വ.എം. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആൻ്റണി ഐഎഎസ്, ടി.ജെ വിനോദ് എം.എല്‍.എ,  2022ലെ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ദേവി വര്‍മ്മ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ നടി കുക്കു പരമേശ്വരന്‍, സംവിധായകന്‍ സോഹന്‍ സീനുലാല്‍ തുടങ്ങിയവർ പങ്കെടുത്തു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories