പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിലെ തൂക്കവഴിപാടിനിടെ കുഞ്ഞ് താഴെ വീണ പരിക്കേറ്റ സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിചേർത്താണ് കേസ്. ബാലവകാശ കമ്മീഷനും സംഭവത്തിൽ നടപടി തുടരുകയാണ്.
തൂക്ക് വില്ല്കാരൻ്റെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണു പരിക്കേറ്റത് എന്നാണ് എഫ്ഐആർ.പത്തനാപുരം സ്വദേശികളായ ദമ്പതികളുടെ പത്തുമാസം പ്രായമുള്ള ആൺ കുഞ്ഞാണ് വീണത്.
രക്ഷിതാക്കൾക്ക് പരാതിയില്ലാത്തതിനാൽ ആദ്യം പോലീസ് കേസ് എടുത്തില്ല. മാധ്യമ വാർത്തകളും ഒപ്പം ബാലവകാശ കമ്മീഷൻ ഇടപെടൽ കൂടി ആയപ്പോൾ സ്വമേധയാ കേസെടുത്ത. തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ മാത്രമാണ് നിലവിൽ പ്രതി ചേർത്തിട്ടുള്ളത്.
ശനി രാത്രിയിലാണ് അപകടം ഉണ്ടായത്.തൂക്ക് വില്ല് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നതിനിടയിൽ പത്തടിക്ക് മുകളിൽ നിന്നാണ് കുഞ്ഞ് താഴെക്ക് വീണത്. താഴേക്ക് വീണ കുഞ്ഞ് മറ്റൊരാളുടെ ദേഹത്ത് പതിച്ച് നിലത്ത് വീണതിനാൽ കുഞ്ഞിന്റെ പരിക്ക് ഗുരുതരമല്ല. വലതു കൈക്ക് പൊട്ടലേറ്റ കുഞ്ഞ് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .