എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമം മുഖ്യലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. തൃശ്ശൂരില്‍ നടന്നുവന്ന സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവം 'വർണ്ണപ്പകിട്ട് 2024' ൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ത്രീ- പുരുഷ- ട്രാൻസ്ജെൻഡർ വിത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും സർക്കാർ ചേർത്തു പിടിക്കുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിനെ സംബന്ധിച്ച് സവിശേഷമായ ശ്രദ്ധയും പരിഗണനയും ലഭിക്കേണ്ടതുണ്ട്. സർക്കാരിന് ഈ കാര്യത്തിൽ വിശാലമായ കാഴ്ചപ്പാടാണ് ഉള്ളത്.
ട്രാൻസ്ജെൻഡർ വിഭാഗത്തിനോട് സമൂഹത്തിനുള്ള അവഗണനയും അവർ അനുഭവിക്കുന്ന ഉൾവലിയലും ഇല്ലാതാക്കാൻ ബോധപൂർവ്വമായ ഇടപെടൽ നമ്മുടെ സമൂഹത്തിൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ട്രാൻസ്ജെൻഡർ വ്യക്തികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കാൻ സർക്കാർ ആവിഷ്കരിച്ചിട്ടുള്ള സേവനങ്ങളും പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കും. അതുവഴി സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും ഉന്നമനം കൈവരിക്കാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു.. സമ്മാന വിതരണവും, വാർത്ത പത്രികയുടെ പ്രകാശനവും മന്ത്രി ആർ ബിന്ദു നിർവഹിച്ചു. സമാപന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ വിശിഷ്ടാതിഥിയായി.തൃശ്ശൂര്‍ ടൗൺ ഹാൾ, എഴുത്തച്ഛൻ സമാജം ഹാൾ എന്നീ വേദികളിലായി മൂന്ന് ദിവസമാണ് കലോത്സവം അരങ്ങേറിയത്.