തരിശുഭൂമിയെ പച്ചപ്പിലേക്ക് മാറ്റിയ മലപ്പുറം കൈപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ കൃഷിയിലെ വിജയഗാഥയാണിത്. ടെറസില്‍ ആരംഭിച്ച മുസ്തഫയുടെ കൃഷി നാടനും വിദേശി വിളകളുമായി ഒന്നര ഏക്കര്‍ തരിശുഭൂമി കീഴടക്കി മുന്നേറുകയാണ്.ആകെ ന്യൂ ജെന്‍ ആണ് മുഹമ്മദ് മുസ്തഫ.
ബിസിനസ് തിരക്കുകള്‍ക്കിടയിലും തനിക്ക് പച്ചപ്പിനോട് വല്ലാത്ത മുഹബത്താണെന്ന് മുസ്തഫ പറയുന്നു. വീടിന്റെ റെസില്‍ തണ്ണിമത്തന്‍, ഷമാം, സ്റ്റോബറി, ഇറാനി മത്തന്‍, വീടിന്റെ മുറ്റത്ത് മുന്തിരി എന്നിവയെല്ലാം പരീക്ഷിച്ച് വിജയം കൈവരിച്ചതോടെയാണ് കൃഷി വിപുലമാക്കിയത്. കൃഷി ഒരിക്കലും നഷ്ടമല്ലെന്നും മണ്ണ് ചതിക്കില്ലെന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് താനിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്തഫയെപ്പോലെ കൃഷിക്കും ന്യൂജന്‍ രീതികളാണ് പിന്തുടരുന്നത്. പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി തന്റെ തോന്നലുകള്‍ക്ക് അനുസരിച്ചാണ് കൃഷിയെന്നാണ് ഈ കര്‍ഷകന്‍ പറയുന്നത്. വീട്ടുകാരും നാട്ടുകാരും നല്‍കുന്ന പിന്തുണയും കൃഷിക്ക് വലിയ പ്രോല്‍സാഹനമാണ് നല്‍കിയതെന്നും മുസ്തഫ പറഞ്ഞു.
ഒന്നര ഏക്കറില്‍ വിവിധയിനം പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട് ഈ യുവാവ്. രണ്ട് ഏക്കര്‍ സ്ഥലത്ത് ഇറാനി, നാമധാരി എന്നീ തണ്ണിമത്തന്‍ വിത്തിറക്കാനാണ് ഇദ്ദേഹത്തിന്റെ അടുത്ത പരിപാടി. കര്‍ഷക ഗ്രൂപ്പുകളില്‍ നിന്നും കൃഷി വകുപ്പില്‍ നിന്നും നല്ല പിന്തുണയാണ് മുസ്തഫയ്ക്ക് ലഭിക്കുന്നത്. ഇടവിളയോ രണ്ട് വിള കൃഷിയോ ഇല്ലാതെ കൊല്ലം മുഴുവന്‍ കൃഷി ദിവസേന വരുമാനം എന്ന രീതിയില്‍ മണ്ണില്‍ പൊന്ന് വിളയിക്കുകയാണ് ഈ യുവകര്‍ഷകന്‍.