കയ്യേറ്റവും മലിനീകരണവുമായി മനുഷ്യന്റെ തെറ്റായ ഇടപെടൽ കല്ലായിപ്പുഴയെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണ്. കല്ലായി പുഴയിൽ അടിഞ്ഞുകൂടിയ ചെളി നീക്കാൻ നടത്തുന്ന ശ്രമങ്ങൾ ഉദ്യോഗസ്ഥരും കയ്യേറ്റക്കാരും കൈകോർത്തത് കാരണം കഴിഞ്ഞ 13 വർഷമായി എങ്ങും എത്തിയിട്ടില്ല.മറ്റൊരു ലോക ജലദിനം കൂടി കടന്നു പോകുമ്പോൾ കല്ലായിപ്പുഴയെ സംരക്ഷിക്കാനുള്ള നടപടികൾ ഇനിയും ഉണ്ടായില്ലെങ്കിൽ കേരളത്തിലെ വലിയൊരു ജലസ്രോതസ്സിനാണ് ഇനി ചരമഗീതം എഴുതേണ്ടി വരിക.
കവികൾ ഒരുപാട് വാഴ്ത്തി പാടിയിട്ടുണ്ട് കല്ലായിപ്പുഴയെ. അതിൻറെ മനോഹാരിത സിനിമാഗാനങ്ങളിൽ പോലും നിറഞ്ഞുനിന്നു. എന്നാൽ ഇന്ന് നിലനിൽപ്പിനായി ചക്രശ്വാസം വലിക്കുകയാണ് കോഴിക്കാട് നഗരത്തിന്റെ സൗന്ദര്യമായിരുന്ന കല്ലായിപ്പുഴ.
മര വ്യവസായത്തിന് പേരുകേട്ട കല്ലായിയിൽ ആ വ്യവസായം നിലനിർത്താനാണ് സർക്കാർ കല്ലായിപ്പുഴ വർഷങ്ങൾക്കു മുൻപ് പാട്ടത്തിന് കൊടുത്തത്. എന്നാൽ പാട്ടത്തിന്റെ മറവിൽ ഭൂമാഫിയകൾ സ്ഥലം കയ്യേറി തീരത്തോട് ചേർന്ന പുഴയുടെ ഭാഗം പോലും നികത്തി.
പുഴയുടെ തീരത്തു നിന്നുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വിസർജ്യ ജലം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പുഴയിലേക്ക് പുറംന്തള്ളി. തെളിനീരായി ഒഴുകിയിരുന്ന കല്ലായിപ്പുഴ മാലിന്യത്താൽ ഇരുണ്ട നീരായി മാറി. പുഴയിൽ ചെളിയടിഞ്ഞു.
13 വർഷം മുൻപ് വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ തയ്യാറാക്കിയ കല്ലായിപ്പുഴ നവീകരണ പദ്ധതി ഉദ്യോഗസ്ഥർ തന്നെ കാറ്റിൽ പറത്തി. ഇപ്പോൾ പതിയെ പതിയെ മരിച്ചു കൊണ്ടിരിക്കുകയാണ് കല്ലായിപ്പുഴ. അതേക്കുറിച്ച് കല്ലായിപ്പുഴ സംരക്ഷണ സമിതി കൺവീനർ ഫൈസൽ പള്ളിക്കണ്ടിയുടെ വാക്കുകൾ. കയ്യേറ്റവും രൂക്ഷമായ മാലിന്യനിക്ഷേപവും കാരണം പുഴ മെലിഞ്ഞു. ഇപ്പോൾ പുഴയുടെ ആഴവും കുറഞ്ഞു. നീരൊഴുക്കും.
കോഴിക്കോട് കോർപ്പറേഷൻ കല്ലായിപ്പുഴയുടെ നവീകരണത്തിനായി ഏഴ് കോടി രൂപ വകയിരുത്തിയിട്ട് വർഷം രണ്ടായി. മാലിന്യ പ്രശ്നം കാരണം വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞു. മത്സ്യസമ്പത്തും നശിച്ചു തുടങ്ങി.
ഇപ്പോൾ പുഴയിൽ ഇറങ്ങിയാൽ കാലിൽ വ്രണം വരുന്ന അവസ്ഥയാണെന്ന് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു. വാർത്തകൾ വരുമ്പോൾ മാത്രം കല്ലായിപ്പുഴ നവീകരണം എന്ന തട്ടുപൊളിപ്പൻ വാഗ്ദാനവുമായി അധികാരികൾ വരും. ആ അധികാരികൾക്ക് രാഷ്ട്രീയ ഭേദമില്ല.
എന്നാൽ തലമുറകളായി കാത്തുസൂക്ഷിച്ചു വന്ന കോഴിക്കോടിൻ്റെ സൗന്ദര്യമായ കല്ലായിപ്പുഴ ഇല്ലാതാകുമ്പോൾ ഈ ജലദിനം ഓർമ്മപ്പെടുത്തുന്നത് മറ്റൊരു കാര്യമാണ്. ജലസംരക്ഷണം എന്നത് കേവലം വാക്കുകളും വാഗ്ദാനങ്ങളും മാത്രമാകാതിരിക്കട്ടെ. കല്ലായിപ്പുഴയെ വീണ്ടെടുക്കാനുള്ള പ്രയത്നം യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങട്ടെ