അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകി അപ്പീൽ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളി. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവേ നടത്തിയ പരാമർശം ആണ് രാഹുൽ ഗാന്ധിക്ക് എതിരെയുള്ള കേസിലേക്ക് നയിച്ചത്. ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതിനെതിരെ ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദിയാണ് രാഹുൽ ഗാന്ധിക്ക് എതിരെ പരാതി നൽകിയത്.
കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.
രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് പ്രസ്താവനയെന്നും ആയിരുന്നു പൂർണേഷ് മോദിയുടെ ആരോപണം.
രാഹുൽ ഗാന്ധിയുടെ വാദം
സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പൂര്‍ണേഷ് മോദിയെ ലക്ഷ്യവച്ചല്ല പ്രസംഗിച്ചതെന്നും പ്രധാനമന്ത്രിയെ ഉദ്ദേശിച്ചായിരുന്നു പരാമര്‍ശമെന്നും ആയിരുന്നു രാഹുൽ ഗാന്ധിയുടെ വാദം. എന്നാൽ ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല.