95ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം രാവിലെ 5.30നായിരുന്നു ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ പുരസ്‌കാര ചടങ്ങുകള്‍ നടന്നത്. ഇരട്ട നേട്ടം കൊയ്ത് ഇന്ത്യ ഓസ്‌കര്‍ വേദിയില്‍ തിളങ്ങി. ഓസ്‌കര്‍ വേദിയിയെ ഇളക്കിമറിച്ച ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു'ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഓസ്‌കര്‍ പുരസ്‌കാരം നേടി. എം എം കീരവാണിയുടെ സംഗീതത്തിന് ചന്ദ്രബോസ് ആണ് വരികള്‍ എഴുതിയത്. ഇരുവരും ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. കൂടാതെ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ 'ദ് എലിഫന്റ് വിസ്പറേഴ്‌സ്' പുരസ്‌കാരം നേടി. കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് 'ദ് എലിഫന്റ് വിസ്പറേഴ്‌സ്. എന്നാല്‍ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ നിന്ന് ഇന്ത്യന്‍ നാമനിര്‍ദേശമായിരുന്ന ഓള്‍ ദാറ്റ് ബ്രീത്ത്സ് പുറത്തായി. ഡാനിയേല്‍ റോഹെര്‍ സംവിധാനം ചെയ്ത നവാല്‍നിയാണ് ഈ വിഭാഗത്തില്‍ പുരസ്‌കാരത്തിന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ടത്.
ഓസ്‌കര്‍ വേദിയില്‍ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത് എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രമാണ് മികച്ച ചിത്രം എന്നതുള്‍പ്പുടെ 7 പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ പ്രകടനം തന്നെയാണ് മിഷേല്‍ യോയെ മികച്ച നടിയായി തെരഞ്ഞെടുത്തത്. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വനിത കൂടിയാണ് മിഷേല്‍ യോ. കൂടാതെ മികച്ച സഹനടന്‍, മികച്ച സഹനടി എന്നീ വിഭാഗങ്ങിലും എവരിതിങ്ങ് അവാര്‍ഡ് സ്വന്തമാക്കി. മികച്ച സഹനടനായി കെ ഹുയ് ക്വാനിനെയും മികച്ച സഹനടിയായി ജേമി ലീ കര്‍ട്ടിസിനെയും തെരഞ്ഞെടുത്തു.
മികച്ച നടനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയത് ബ്രെന്‍ഡന്‍ ഫ്രേസറിയാണ്. ദ് വെയ്ല്‍ എന്ന ചിത്രമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 90കളില്‍ തിളങ്ങിനിന്നിരുന്ന ബ്രെണ്ടന്‍ ഫേസര്‍ ഒരു ഇടവേളക്ക് ശേഷം ദ വെയ്ലിലൂടെ ഗംഭീരമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. മികച്ച ആനിമേഷന്‍ ചിത്രമായി ഗില്ലെര്‍മോ ഡെല്‍ ടോറോയുടെ പിനോക്കിയോ തെരഞ്ഞടുക്കപ്പെട്ടു. അതേസമയം മികച്ച ഒറിജിനല്‍ സ്‌കോര്‍, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ഇന്റര്‍നാഷനല്‍ ഫീച്ചര്‍ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങളുമായി ജര്‍മന്‍ ചിത്രമായ 'ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രന്റ്' നേട്ടം കൊയ്തു.
ഓസ്കറിൽ ശ്രദ്ധനേടിയ ചില ഇന്ത്യൻ സിനിമകൾ
ഗാന്ധി (1982) - റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യൻ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും ഇന്ത്യൻ സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ അഹിംസാത്മക പോരാട്ടത്തിന്റെയും കഥയാണ് പറയുന്നത്. ബെൻ കിംഗ്‌സ്‌ലിയുടെ ഗാന്ധി കഥാപാത്രത്തിന് മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ എന്നിങ്ങനെ എട്ട് ഓസ്‌കാറുകൾ ഈ ചിത്രം നേടി.
സ്ലംഡോഗ് മില്യണയർ (2008) - ഡാനി ബോയ്ൽ സംവിധാനം ചെയ്ത ഈ ചിത്രം, ഹു വാണ്ട്സ് ടു ബി എ മില്യണയർ എന്ന ഗെയിം ഷോയിൽ പ്രത്യക്ഷപ്പെടുന്ന മുംബൈയിലെ ചേരികളിൽ നിന്നുള്ള ഒരു യുവാവിന്റെ കഥയാണ് പറയുന്നത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച അവലംബിത തിരക്കഥ എന്നിവ ഉൾപ്പെടെ എട്ട് ഓസ്‌കാറുകൾ ഈ ചിത്രം നേടി.
ബോൺ ഇൻടു ബ്രോത്തൽസ് (2004) - സാന ബ്രിസ്കിയും റോസ് കോഫ്‌മാനും ചേർന്ന് നിർമ്മിച്ച ഈ ഡോക്യുമെന്ററി ഫിലിം കൊൽക്കത്തയിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റിൽ വളരുന്ന കുട്ടികളുടെ ജീവിതത്തെ പിന്തുടരുന്നു. മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള ഓസ്കാർ ചിത്രം നേടി.
സ്‌മൈൽ പിങ്കി (2008) - മേഗൻ മൈലൻ സംവിധാനം ചെയ്ത ഈ ഹ്രസ്വ ഡോക്യുമെന്ററി ഫിലിം ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ഒരു പിളർപ്പ് ചുണ്ട് ഉള്ള ഒരു പെൺകുട്ടിയുടെ കഥയാണ് പറയുന്നത്. മികച്ച ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ടിനുള്ള ഓസ്കാർ ഈ ചിത്രം നേടി.
ഓസ്കറിൽ ശ്രദ്ധനേടിയ ചില ഇന്ത്യക്കാർ
ഭാനു അത്തയ്യ (1982) - 1983-ൽ ഗാന്ധി എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ നേടിയ ആദ്യ ഇന്ത്യക്കാരിയായി ഭാനു അത്തയ്യ.
എ.ആർ. റഹ്മാൻ (2008) - എ.ആർ. സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിന് മികച്ച ഒറിജിനൽ സ്‌കോറിനും മികച്ച ഒറിജിനൽ ഗാനത്തിനും ഓസ്‌കർ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് റഹ്മാൻ.
റസൂൽ പൂക്കുട്ടി (2008) - സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിന് മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ റസൂൽ പൂക്കുട്ടി നേടി.