തിരുവനന്തപുരം: കടുത്ത ചൂടിനെ അവഗണിച്ചും ലോക്സഭ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ ഔദ്യോഗിക സമയം ആറ് മണിക്ക് അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ 7.45 വരെയുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം കേരളത്തില്‍ 70.03 ശതമാനമാണ് പോളിങ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും.
ഔദ്യോഗിക സമയംസമയം അവസാനിച്ചപ്പോഴും പോളിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. വടകരയിലും കോഴിക്കോട് കൊടുവള്ളിയിലുമടക്കം പോളിങ് ഇഴയുന്നതായി ആക്ഷേപമുയര്‍ന്നു.
നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ മുതൽ തന്നെ രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളുമെല്ലാം തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചിട്ടുണ്ട്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളാണ് ഉണ്ടായിരുന്നത്. ചിലയിടങ്ങളിൽ ചെറിയ തോതിലുള്ള സംഘർഷങ്ങളും കയ്യാങ്കളിയും ഉണ്ടായെങ്കിലും പൊതുവേ സമാധാനപരമായിരുന്നു സംസ്ഥാനത്തെ വോട്ടെടുപ്പ്.
സംസ്ഥാനം- 70.03
മണ്ഡലം തിരിച്ചുള്ള കണക്ക്
1. തിരുവനന്തപുരം-66.39
2. ആറ്റിങ്ങല്‍-69.36
3. കൊല്ലം-67.79
4. പത്തനംതിട്ട-63.32
5. മാവേലിക്കര-65.83
6. ആലപ്പുഴ-74.14
7. കോട്ടയം-65.57
8. ഇടുക്കി-66.34
9. എറണാകുളം-67.82
10. ചാലക്കുടി-71.50
11. തൃശൂര്‍-71.70
12. പാലക്കാട്-72.20
13. ആലത്തൂര്‍-72.12
14. പൊന്നാനി-67.22
15. മലപ്പുറം-71.10
16. കോഴിക്കോട്-72.67
17. വയനാട്-72.52
18. വടകര-72.71
19. കണ്ണൂര്‍-75.32
20. കാസര്‍ഗോഡ്-73.84