സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന് വലിയ തിരിച്ചടിയാണെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം. ഉത്തരവ് കോര്‍പ്പറേഷന്റെ അവകാശം ഇല്ലാതാക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന് വലിയ തിരിച്ചടിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചത്. സ്വകാര്യ ബസുകള്‍ നിയമം ലംഘിച്ചതോടെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായതെന്ന് ഹര്‍ജിയില്‍ പറയുന്നു. മുന്‍ക്കാല ഉത്തരവുകള്‍ ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും ദീര്‍ഘദൂര സര്‍വീസ് നടത്താനുള്ള അവകാശം കെഎസ്ആര്‍ടിസിക്കാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കോര്‍പ്പറേഷനായി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ദീപക് പ്രകാശാണ് ഹര്‍ജി സമര്‍പ്പിച്ചത്. 140 കിലോമീറ്ററിന് അപ്പുറത്തേക്ക് സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് സ്വകര്യ ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് 140 കിലോമീറ്ററിന് മുകളില്‍ സര്‍വീസിനു പെര്‍മിറ്റ് ഉണ്ടായിരുന്നവര്‍ക്ക് താല്‍ക്കാലികമായി പുതുക്കി നല്‍കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.