Share this Article
ചൂട് കൂടും, രണ്ട് ജില്ലകളിൽ 40 ഡിഗ്രി വരെ, 12 ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
വെബ് ടീം
posted on 06-04-2024
1 min read
heat rise yellow alert

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നതിനാൽ സംസ്ഥാനത്ത്‌ ഞായറാഴ്‌ച 12 ജില്ലകളിൽ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളിൽ 40 ഡിഗ്രിവരെയും തൃശൂർ, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രിവരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രിവരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട്‌ ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാനാണ്‌ സാധ്യത.

അതേ സമയം രാജ്യത്ത് അടുത്ത രണ്ട് ദിവസം ചൂട് കനക്കുമെന്ന് കേന്ദ്ര കാലാസവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും വന്നിട്ടുണ്ട്. ഇന്ന് കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും അടുത്ത 2 ദിവസങ്ങളില്‍ ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചൂട് കുറയുമെന്നും മുന്നറിയിപ്പുണ്ട്.

ഉഷ്ണ തരംഗം ആണ് ചൂട് കൂടാനുള്ള കാരണം. ഒഡീഷ, ഗംഗാനദി പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, വിദര്‍ഭ, വടക്കന്‍ കര്‍ണാടക, തീരദേശ ആന്ധ്രാപ്രദേശ്, യാനം, രായലസീമ, തെലങ്കാന എന്നിവിടങ്ങളിലാണ് ചൂട് കനക്കാന്‍ സാധ്യതയുള്ളത്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്‌ എന്നിവിടങ്ങളിൽ നേരിയ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. അടുത്ത ആഴ്‌ചയോടെ കൂടുതൽ പ്രദേശങ്ങളിൽ വേനൽ മഴ ലഭിച്ചേക്കും.

അഞ്ചു വർഷത്തിനിടെ ഏറ്റവും കുറവ് വേനൽ മഴ ഇത്തവണ. ഈ വർഷം ഇതുവരെ ലഭിച്ചത് 16.8 മി.മീ മഴ മാത്രമാണ്‌ ലഭിച്ചത്‌. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ഒഴികെയുള്ള ജില്ലകളിലും അഞ്ചു വർഷത്തെ ഏറ്റവും കുറവ് വേനൽ മഴയാണ് ഇത്തവണ ലഭിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ മഴമാപിനിയിൽ ഇതുവരെ മഴ രേഖപ്പെടുത്തിയിട്ടില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories