ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സി പി ഐ. നിരവധി വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. 33 ശതമാനം വനിതാ സംവരണം ഉടൻ നടപ്പാക്കുമെന്നും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 700 രൂപയാക്കി ഉയർത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
പഴയ പെൻഷൻ സ്‌കീം പുന:സ്ഥാപിക്കും. ഗവർണർ പദവി ഇല്ലാതാക്കും. ഇ ഡി അടക്കമുള്ള അന്വേഷണ ഏജൻസികളെ പാർലമെന്റിന് കീഴിലാക്കും. കേന്ദ്ര സർക്കാർ നേട്ടങ്ങളായി ഉയർത്തിക്കാട്ടുന്ന സി എ എയും അഗ്നിപഥും നിർത്തലാക്കാൻ പോരാടുമെന്നും ജാതി സെൻസസ് നടപ്പാക്കുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.
പുതുച്ചേരിക്കും ഡൽഹിക്കും പൂർണ പദവി നൽകുമെന്നും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരികെ നൽകുമെന്നും നീതി ആയോഗ് പകരം ആസൂത്രണ കമ്മീഷനെ തിരികെ കൊണ്ടു വരുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. പാഠപുസ്തകത്തിലെ കാവിവൽക്കരണം അവസാനിപ്പിക്കുമെന്നും അഗ്നിപഥ് സ്കീം റദ്ദാക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങൾ പ്രകടന പത്രികയിലുണ്ട്.
'നമ്മുടെ ഭരണഘടനയും ജനാധിപത്യവും നമ്മുടെ രാജ്യത്തിന്റെ മതേതര ജനാധിപത്യ ഘടനയും സംരക്ഷിക്കണമെങ്കിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടത് അനിവാര്യമാണ്. തിരഞ്ഞടുപ്പിൽ ജനങ്ങൾ ബി ജെ പിയേയും സഖ്യ കക്ഷികളെയും തോൽപ്പിക്കണം. എങ്കിൽ മാത്രമേ ഇന്ത്യക്ക് ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിൽക്കാൻ കഴിയൂ.'സി പിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.