തിരുവനന്തപുരം: ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്ന് ഈദ് ആശംസ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയിൽ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ ആശയങ്ങളെ നെഞ്ചോട് ചേർത്തും അവയെ ശാക്തീകരിച്ചും നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം.
വിവിധ വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന നാടാണ് നമ്മുടേത്. വർഗീയവിഷം ചീറ്റിക്കൊണ്ട് ഈ ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളെ കരുതിയിരിക്കണം. ഈ പ്രതിലോമ ശ്രമങ്ങളെ ഒരുമയോടെ, ശക്തിയോടെ തുറന്നെതിർക്കേണ്ടതുണ്ട്. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ’.