സംസ്ഥാനത്ത് പാല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ച് മില്‍മ. പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂട്ടിയത്. ലിറ്ററിന് രണ്ട് രൂപയുടെ വര്‍ദ്ധനവാണ് വരുത്തിയത്. വിലവര്‍ദ്ധന നാളെ മുതല്‍ നിലവില്‍ വരും. വില വര്‍ധനവുമായി ബന്ധപ്പെട്ട ഒരു കാര്യവും മില്‍മ അറിയിച്ചില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വിഷയത്തില്‍ മില്‍മയോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു.
റിപൊസിഷനിങ് മില്‍മ എന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോള്‍ വില കൂടുന്നത്. ബ്രാന്‍ഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈന്‍, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിയാണിത്.
29 രൂപയായിരുന്ന മില്‍മ റിച്ചിന് 30 രൂപയാകും. 24 രൂപയുടെ മില്‍മ സ്മാര്‍ട്ടിന് ഇനി 25 രൂപ നല്‍കണം. അതേസമയം ഏറെ ആവശ്യക്കാരുള്ള നീല കവര്‍ പാലിന് വില കൂടില്ല. രണ്ടു മാസം മുന്‍പാണ് നീല കവര്‍ പാലിന് വില കൂട്ടിത്. എന്നാല്‍ വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് വിശദീകരണം. നേരത്തെ മറ്റു ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടിയപ്പോള്‍ റിച്ചും സ്മാര്‍ട്ട് കൂടിയിരുന്നില്ലെന്നും വിശദീകരണത്തില്‍ പറയുന്നു . എന്നാല്‍ മില്‍മ പാല്‍ വില കൂട്ടിയതിനെക്കുറിച്ച് അറിയില്ലെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.
നിലവില്‍ മൂന്നു മേഖല യൂണിയനുകള്‍ പുറത്തിറക്കുന്ന പാല്‍ ഒഴിച്ചുള്ള ഉല്‍പന്നങ്ങളുടെ പാക്കിങും തൂക്കവും വിലയും ഒരുപോലെ അല്ല. ഇതു മാറി ഏകീകൃത രീതി നടപ്പാക്കാനുള്ള പ്രവര്‍ത്തനം ഒരു വര്‍ഷം മുന്‍പാണ് മില്‍മ ആരംഭിച്ചത്. റിപൊസിഷനിങ് മില്‍മ എന്ന പുതിയ പദ്ധതിയുടെ നടത്തിപ്പിലൂടെ ഇതിന് മാറ്റം വരുത്തുമെന്നാണ് അധികൃതരുടെ വിശദീകരണം.