ഇത് സ്വപ്നമല്ല, ഇവിടുത്തെ ഓരോ കാഴ്ചകളും അദ്ഭുതം സമ്മാനിക്കുന്നതാണ് എന്ന് മാത്രം. മഞ്ഞിന്റെ പശ്ചാത്തലത്തില്‍, സമുദ്രനിരപ്പില്‍ നിന്ന് 2727 മീറ്റര്‍ ഉയരത്തില്‍ വെച്ച് നടന്ന വിവാഹത്തിലൂടെ റേസര്‍ ഡാരന്‍ ല്യൂയിങ്ങും ലൂസി ല്യൂയിങ്ങും ജീവിതത്തില്‍ ഒരുമിച്ചു. മഞ്ഞുമൂടിയ മലനിരകളില്‍ അതിമനോഹരമായ പൂക്കള്‍കൊണ്ടാണ് വിവാഹവേദി അലങ്കരിച്ചത്.
ഒരു കൂറ്റന്‍ ഐസ് ക്യൂബിനുള്ളില്‍ വെള്ള ഗൗണ്‍ ധരിച്ച് വധു പ്രത്യക്ഷപ്പെട്ടതുമുതല്‍ ആകാശത്ത് ഒരു പറവയായി പറന്ന ഒരു കലാകാരന്‍ നടത്തിയ പ്രകടനങ്ങള്‍ ഉള്‍പ്പെടെ ഒരുപാട് അദ്ഭുതക്കാഴ്ച്ചകള്‍ ഈ വിവാഹത്തിനുണ്ടായിരുന്നു. വലിയ ഫ്‌ളോറല്‍ ഡിസൈനുള്ള ഗൗണ്‍ അണിഞ്ഞ പെണ്‍കുട്ടികള്‍ മനോഹാരമായി വയലിന്‍ വായിച്ചു. ഐസില്‍ നിന്ന് നിര്‍മിച്ചതുപോലെ തോന്നിക്കുന്ന സുതാര്യമായ വയലിനുകളാണ് ഇവരുടെ കൈയിലുണ്ടായിരുന്നത്. അതിഥികള്‍ക്ക് ഇരിക്കാനുള്ള കസേരകളും ഇത്തരത്തില്‍ ഗ്ലാസ്‌പോലെ തോന്നിക്കുന്നതായിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ അമ്പതില്‍ താഴെ അതിഥികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഡേവിഡ് ബാസ്റ്റിയനോനിയെന്ന വെഡ്ഡിങ് ഫോട്ടോഗ്രാഫറാണ് ഈ അദ്ഭുത നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. ഐസ് ക്യൂബ് ആകൃതിയിലുള്ള ഫോട്ടോ ബൂത്തിലാണ് വരന്റേയും വധുവിന്റേയും പ്രണയനിമിഷങ്ങള്‍ പകര്‍ത്തിയത്. വരനെ കാത്ത് വധു ഐസ് ക്യൂബിനുള്ളില്‍ നില്‍ക്കുന്നതും ഇരുവരും അതിനുള്ളില്‍വെച്ച് ചുംബിക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്.
സ്വർഗസമാനമായ വിവാഹാഘോഷങ്ങളുടെ വീഡിയോ കാണാം
വിവാഹത്തിന്റെ കണ്‍സപ്റ്റിനും പ്ലാനിങ്ങിനും പിന്നില്‍ ടെഹിയ നാര്‍വെല്‍ എന്ന കമ്പനിയാണ്. നീലയും വെള്ളയും പൂക്കളാല്‍ മനോഹരമായ വേദി അണിയിച്ചൊരുത്തിയത് ഐ ആം ഫ്‌ളവന്‍ എന്ന കമ്പനിയാണ്. കനത്ത മഞ്ഞുവീഴ്ച്ചയും പ്രതികൂല കാലാവസ്ഥയുമെല്ലാം മറികടന്നാണ് വേദിയുടെ ഡിസൈന്‍ പൂര്‍ത്തിയാക്കിയത്.