കൊച്ചി: സി.പി.ഐ.എം നേതാവ് പി.കെ. ശ്രീമതി ടീച്ചറോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ശ്രീമതി ടീച്ചർക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനാണ് മാപ്പ് പറഞ്ഞത്. ഹൈക്കോടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീർപ്പ് നിർദേശപ്രകാരം ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ മുമ്പാകെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്.ചാനല്‍ ചര്‍ച്ചയ്ക്കിടെ ടീച്ചർക്കെതിരെ നടത്തിയ ആരോപണമാണ് കേസിന് ആധാരം. ടീച്ചർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. പി.കെ. ശ്രീമതി മന്ത്രിയായിരിക്കെ മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ ആരോപണം.സത്യം മാത്രമേ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പറയാവൂ എന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ‘തെളിവുകൾ ശേഖരിക്കാൻ ചുമതലപ്പെടുത്തിയവർക്ക് അതിന് കഴിഞ്ഞില്ല. ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ എന്റെ കൈവശം തെളിവോ രേഖകളോ ഇല്ല’ -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തന്റെ മകന് മരുന്ന് കമ്പനിയോ മരുന്ന് കച്ചവടമോ ഇല്ലന്ന് പി കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു.